റോഡ് തടസപ്പെടുത്തി അടിപിടിയുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാക്കളെ മാരകമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചു, സഹോദരങ്ങള്‍ പിടിയില്‍

MTV News 0
Share:

ഗതാഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിന് കാര്‍ യാത്രികരായ യുവാക്കളെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശികളായ അഭിറാം ലൂക്ക(24), സഹോദരന്‍ ആദര്‍ശ്(29) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. നടക്കാവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ബീച്ചിനടുത്തുള്ള ഹഗ് എ മഗ് റെസ്റ്റോറന്റിന് സമീപം വെച്ച് പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ വരുമ്പോള്‍ ഗതാഗതം തടസ്സപ്പെടുന്ന രീതിയില്‍ അഭിറാമും ആദര്‍ശും ഉള്‍പ്പെടെയുള്ളവര്‍ അടിപിടികൂടുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ പേരില്‍ ഇരുവരും ചേര്‍ന്ന് കാറിലുള്ളവരെ ക്രൂരമായി ആക്രമിച്ചുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവ സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. പോക്‌സോ കേസുള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അഭിറാം ലൂക്കയെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. മൂന്നോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ആദര്‍ശ് വീട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്ഐമാരായ സജി ഷിനോബ്, വിഷ്ണു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, പ്രസാദ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു, സുജിത്ത് സി.കെ, ശ്രീജിത്ത് കെ,അരുണ്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.