ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം

MTV News 0
Share:

ഐഐആർഎഫ് ദേശീയ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും സ്വന്തമാക്കി ഏഴ് പതിറ്റാണ്ടിന്റെ മെഡിക്കൽ വിദ്യാഭ്യാസ സേവന നിറവിൽ നിൽക്കുന്ന കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ വിദ്യാർഥിനികൾ നേരിടുന്നത് കടുത്ത ഹോസ്റ്റൽ പ്രതിസന്ധി. ക്യാമ്പസിനകത്ത് അടിസ്ഥാന താമസസൗകര്യം പോലും ലഭിക്കാതെ അൻപതിലധികം വിദ്യാർഥിനികളാണ് നിലവിൽ ദുരിതത്തിലായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായ അത്യാധുനിക ലേഡീസ് ഹോസ്റ്റൽ കെട്ടിടം മാസങ്ങളായി നോക്കുകുത്തിയായി അടച്ചിട്ടിരിക്കുമ്പോഴാണ് പെൺകുട്ടികൾ സ്വകാര്യ ഹോസ്റ്റലുകളിൽ വൻ തുക നൽകിയും ദീർഘദൂരം യാത്ര ചെയ്തും ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുക്കേണ്ടി വരുന്നത്.കോളജ് ഹോസ്റ്റലിൽ ഒരു വർഷത്തേക്ക് വെറും 12,000 രൂപ മാത്രം ചെലവ് വരുമ്പോൾ, ക്യാമ്പസിന് പുറത്ത് സ്വകാര്യ താമസസ്ഥലങ്ങൾക്കായി പ്രതിമാസം 6,000 രൂപയിലധികമാണ് ഓരോ വിദ്യാർഥിനിയും കണ്ടെത്തേണ്ടി വരുന്നത്. സാധാരണക്കാരായ പല വിദ്യാർഥികൾക്കും ഈ ഭീമമായ തുക താങ്ങാനാകാത്തതിനാൽ ജില്ലയുടെ വിദൂര പ്രദേശങ്ങളിൽ നിന്നുപോലും മണിക്കൂറുകളോളം യാത്ര ചെയ്താണ് ദിവസേന ക്ലാസുകളിലും ക്ലിനിക്കൽ പോസ്റ്റിംഗുകളിലും എത്തിച്ചേരുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പഠനത്തിനെത്തിയതെന്നും എന്നാൽ വിദ്യാർഥികളോട് അധികൃതർ കാട്ടുന്ന ഈ അവഗണന വേദനാജനകമാണെന്നും ഒന്നാം വർഷ വിദ്യാർഥിനിയായ ഗായത്രി പ്രതികരിച്ചു.ഹോസ്റ്റൽ ക്ഷാമം പഠനത്തെയും അക്കാദമിക് അവസരങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് 69-ാം ബാച്ച് വിദ്യാർഥിനി ഹിബ ഹാഷ്മി വ്യക്തമാക്കി. ഒന്നാം വർഷ പരീക്ഷകൾ കഴിഞ്ഞ് അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴും കാമ്പസിൽ താമസിക്കാനാകാത്ത അവസ്ഥ വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അത്യാവശ്യ ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാത്തതാണ് തുറന്നുകൊടുക്കാൻ തടസ്സമായി നിൽക്കുന്നത്. ഇതിനായുള്ള എസ്റ്റിമേറ്റ് മെയ് 12-ന് തന്നെ സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് വിദ്യാർഥികൾ കുറ്റപ്പെടുത്തി.നിലവിലുള്ള പഴയ ഹോസ്റ്റൽ കെട്ടിടങ്ങളുടെ അവസ്ഥയും അങ്ങേയറ്റം ശോചനീയമാണ്. സ്ഥലപരിമിതിയും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം വിദ്യാർഥികൾ കഷ്ടപ്പെടുമ്പോൾ, സീനിയർ വിദ്യാർഥികൾക്കായി മുറികൾ ഒഴിഞ്ഞുകൊടുക്കാൻ ഒന്നാം വർഷക്കാരോട് അധികൃതർ ആവശ്യപ്പെടുന്നതായും പരാതിയുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമല്ല, പിജി വിദ്യാർഥികൾക്കും സമാനമായ രീതിയിൽ മതിയായ ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമല്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ പൂർത്തിയായ പുതിയ ഹോസ്റ്റൽ ഉടൻ തുറന്നു നൽകണമെന്നും പഴയ ഹോസ്റ്റലുകൾ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ സമരത്തിലേക്ക് കടക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. അതേസമയം, സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് വരികയാണെന്നും ബാക്കി നടപടികൾ പൂർത്തിയാക്കി പുതിയ ഹോസ്റ്റൽ ഉടൻ വിദ്യാർഥികൾക്ക് തുറന്നുനൽകുമെന്നും ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് കമ്മിറ്റി പ്രതികരിച്ചു.

Share:
ഐഐആർഎഫ് ദേശീയ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും സ്വന്തമാക്കി ഏഴ് പതിറ്റാണ്ടിന്റെ മെഡിക്കൽ വിദ്യാഭ്യാസ സേവന നിറവിൽ നിൽക്കുന്ന കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ വിദ്യാർഥിനികൾ നേരിടുന്നത് കടുത്ത ഹോസ്റ്റൽ പ്രതിസന്ധി. ക്യാമ്പസിനകത്ത് അടിസ്ഥാന താമസസൗകര്യം പോലും ലഭിക്കാതെ അൻപതിലധികം വിദ്യാർഥിനികളാണ് നിലവിൽ ദുരിതത്തിലായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായ അത്യാധുനിക ലേഡീസ് ഹോസ്റ്റൽ കെട്ടിടം മാസങ്ങളായി നോക്കുകുത്തിയായി അടച്ചിട്ടിരിക്കുമ്പോഴാണ് പെൺകുട്ടികൾ സ്വകാര്യ ഹോസ്റ്റലുകളിൽ വൻ തുക നൽകിയും ദീർഘദൂരം യാത്ര ചെയ്തും ക്ലിനിക്കൽ ക്ലാസുകളിൽ പങ്കെടുക്കേണ്ടി...ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം