
ദിവസങ്ങളോളം പഴകിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച കട അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗം. കോഴിക്കോട് മലബാർ ക്രിസ്ത്യന്‍ കോളജിന് സമീപത്തെ ബട്ടര്‍ ഹോംസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. കടയില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. ദിവസങ്ങള്‍ പഴക്കമുള്ള കറികൾ,മസാലകള്‍, മസാലക്കൂട്ടുകള്‍, പഴങ്ങള്‍, പച്ചക്കറികൾ,റൊട്ടി, ചപ്പാത്തി തുടങ്ങിയ ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഭക്ഷണം വില്‍ക്കുന്ന സ്ഥാപനത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, ജീവനക്കാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഉപയോഗിക്കുന്ന വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് തുടങ്ങിയ രേഖകളൊന്നും സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നില്ല. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് പോലും ഒരു നിമിഷം നിയന്ത്രണം വിട്ടുപോകുന്ന തരത്തിലുള്ള കാഴ്ചകളായിരുന്നു അവിടെയുണ്ടായിരുന്നത് എന്ന് പരിശോധനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് അധികൃതര്‍ പറഞ്ഞു.തുടര്‍നടപടികളുടെ ഭാഗമായി സ്ഥാപനം അപ്പോള്‍ തന്നെ നോട്ടീസ് നല്‍കി അടപ്പിച്ചു. കടയും പരിസരവും വൃത്തിയാക്കി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഹാജരാക്കിയ ശേഷം അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ‘ഓപ്പറേഷന്‍ തെളിമ’യുടെ ഭാഗമായാണ് പരിശോധന നടത്തിയത്.പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.
© Copyright - MTV News Kerala 2021





View Comments (0)