മാവൂർ റോഡ്‌ കടക്കാൻ ഉയരും ആകാശപാത

MTV News 0
Share:

കോഴിക്കോട്‌ മാവൂർ റോഡിൽ മൊഫ്യൂസിൽ ബസ്‌ സ്റ്റാന്‍ഡിന് സമീപം കാൽനടയാത്രികർക്കായി പുതിയ എസ്കലേറ്റർ ഉയരുന്നു. മർക്കസ്‌ കോംപ്ലകസ്‌ ഭാഗത്തേയ്ക്കാണ്‌ എസ്കലേറ്റർ നിർമിക്കുന്നത്‌. തിരക്കേറിയ റോഡ്‌ മുറിച്ചുകടക്കാൻ കാൽനടയാത്രികർക്ക്‌ ഉപകാരപ്പെടും. സ്റ്റേഡിയം ഭാഗത്ത്‌ നേരത്തെ എസ്‌കലേറ്റർ സംവിധാനമുള്ള ആകാശനടപ്പാത നിർമിച്ചിരുന്നു. വാർഷിക പദ്ധതി ഭേദഗതിയിലാണ്‌ മാവൂർ റോഡിൽ എസ്‌കലേറ്റർ സ്ഥാപിക്കാൻ കോർപറേഷൻ ക‍ൗൺസിൽ തീരുമാനിച്ചത്‌.ആറ്‌ കോടി രൂപ ചെലവിലാണ്‌ എസ്‌കലേറ്റർ നിർമിക്കുന്നത്‌. -ഫെഡറൽ ബാങ്കിന്റെ സിഎസ്‌ആർ ഫണ്ടാണ്‌ ഇതിനായി ഉപയോഗപ്പെടുത്തുക. ഈ സാമ്പത്തികവര്‍ഷം അവസാനിക്കും മുമ്പ്‌ നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായുള്ള ടെൻഡർ നടപടിയടക്കം ഉടൻ ആരംഭിക്കും.സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ 40.92 കോടി അനുവദിച്ചതിനെ തുടർന്ന്‌ കോർപറേഷൻ വാർഷിക പദ്ധതികൾ ഭേദഗതിചെയ്തു. ഡെപ്യൂട്ടി മേയർ ഡോ. എസ്‌ ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്‌ ഭേദഗതി അംഗീകരിച്ചത്‌.സംസ്ഥാന സർക്കാർ പദ്ധതിവിഹിതം വെട്ടിക്കുറച്ചതോടെ പകൽവീടുകൾക്കുള്ള ഫണ്ട്‌ അഞ്ച്‌ ലക്ഷമായി കുറച്ചിരുന്നു. ഇതിന്‌ 30 ലക്ഷംകൂടി വകയിരുത്താൻ ക‍ൗൺസിൽ യോഗം തീരുമാനിച്ചു. അങ്കണവാടികൾക്കും ഫണ്ട്‌ കൂടുതൽ നൽകും.സാഹിത്യനഗരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങൾക്കുള്ള വിഹിതം രണ്ടുലക്ഷത്തിൽനിന്ന്‌ അഞ്ച്‌ ലക്ഷമാക്കി. സമന്വയ പദ്ധതിക്കുള്ള വിഹിതം 45 ലക്ഷമാക്കി ഉയർത്താനും ക‍ൗൺസിൽ തീരുമാനിച്ചു.132 കോടിയുടെ കോർപറേഷന്റെ ബജറ്റ്‌ പദ്ധതികൾക്ക്‌ എൽഡിഎഫ്‌ സർക്കാർ അംഗീകാരം നൽകിയിരുന്നു. യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ ഇത്‌ 23 കോടിയായി വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ 41 കോടിയാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇതുകൊണ്ട്‌ പ്രതിസന്ധി പൂർണമായി പരിഹരിക്കാനാവില്ലെന്ന്‌ സ്ഥിരംസമിതി അധ്യക്ഷൻ വി പി മനോജ്‌ പറഞ്ഞു.