
രണ്ട് റൂട്ടുകൾ 27.1 കിലോമീറ്റർ; കോഴിക്കോട് ലൈറ്റ് മെട്രോ യാഥാർഥ്യമാകും; നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്
കോഴിക്കോട് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ. സംസ്ഥാന നിയമസഭയിൽ കെ ജയന്ത് എംഎൽഎയ്ക്ക് മറുപടി നൽകവെയാണ് ലൈറ്റ് മെട്രോ യാഥാർഥ്യമാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. കോഴിക്കോടെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള സബ്മിഷന് ശേഷം ഉപചോദ്യമായാണ് ലൈറ്റ് മെട്രോ എംഎൽഎ സഭയിൽ ഉയർത്തിയത്. ഈ വേളയിലാണ് മന്ത്രി കോഴിക്കോടിൻ്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമെന്ന് ഉറപ്പ് നൽകിയത്.ഈ സർക്കാർ കോഴിക്കോട് മെട്രോ പദ്ധതിക്ക് തീർച്ചയായും തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരുമെന്നും പൊതുമരമാത്ത് വകുപ്പ് മന്ത്രി സഭയിൽ പറഞ്ഞു. മെട്രോ പദ്ധതി ചർച്ചചെയ്യാൻ നിയമസഭ സമ്മേളനം പിരിഞ്ഞ ഉടനെ എംഎൽഎമാരും, എംപിമാരും പങ്കെടുക്കുന്ന യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.വിഡി സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെട്രോ പദ്ധതികളുടെ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് ലൈറ്റ് മെട്രോ: രണ്ട് റൂട്ടുകൾ 27.1 കിലോമീറ്റർ
ലൈറ്റ് മെട്രോയ്ക്കായി കോഴിക്കോടിൻ്റേത് ദീർഘനാളായുള്ള കാത്തിരിപ്പാണ്. രണ്ട് റൂട്ടുകളിലായി 27.1 കിലോമീറ്റർ വരുന്ന പദ്ധതിയായിരുന്നു നേരത്തെ കൊച്ചി മെട്രോറെയിൽ കോർപ്പറേഷൻ കോഴിക്കോട് ലൈറ്റ് മെട്രോയ്ക്കായി നിർദേശിച്ചത്. ആദ്യ റൂട്ട് വെസ്റ്റ്ഹില്ലിൽ നിന്ന് തുടങ്ങി – നടക്കാവ് – മീഞ്ചന്ത – ചെറുവണ്ണൂർ – രാമനാട്ടുകര വരെ 19 കിലോമീറ്ററാണ്. രണ്ടാമത്തേത് ബീച്ച് – തൊണ്ടയാട് – മെഡിക്കൽ കോളേജ് വരെ 8.1 കിലോമീറ്ററാണ്. സാധ്യതാപഠനം പൂർത്തിയായാൽ മാത്രമേ റൂട്ടിൻ്റെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ.നേരത്തെ 2011ൽ കോഴിക്കോട് മോണോറെയിലിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഇ ശ്രീധരൻ്റെ നേതൃത്വത്തിൽ പഠനം നടത്തിയായിരുന്നു അത്. മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്തവരെയുള്ള 13.3 കിലോമീറ്റർ റൂട്ടും, ഇതിൽ 14 സ്റ്റേഷനുകളുമായിരുന്നു നിശ്ചയിച്ചത്. ടെൻഡർ വിളിച്ച് ഡൽഹി മെട്രാ റെയിൽ കോർപ്പറേഷൻ മോണോ റെയിലിനായി വിശദ പദ്ധതിറിപ്പോർട്ട് തയ്യാറാക്കിയെങ്കിലും ലൈറ്റ് മെട്രോയാണ് അനുയോജ്യമെന്ന് പറഞ്ഞ് പദ്ധതി മാറ്റുകയായിരുന്നു.2014 ൽ ലൈറ്റ് മെട്രോയ്ക്കുവേണ്ടി ഡിഎംആർസി വീണ്ടും വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ കേന്ദ്രം മെട്രോ നയം മാറ്റിയതോടെ 2017ൽ വീണ്ടും ഡിപിആർ പുതുക്കിയത്. വർഷങ്ങളായി സാങ്കേതികതയിൽ തട്ടിതടഞ്ഞ് നിൽക്കുന്ന മെട്രോയ്ക്ക് മന്ത്രിയുടെ പ്രഖ്യാപനത്തോടെ ജീവൻവെക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടുകാർ.
© Copyright - MTV News Kerala 2021





View Comments (0)