
വിജയദശമി ദിനത്തിൽ കുരുന്നുകളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ വിദ്യാരംഭത്തിനായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പ്രവേശിക്കുന്ന ശുഭദിനമാണ് വിജയദശമി. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ തൊഴിൽ, കല തുടങ്ങിയ മേഖലകളെയും ഉപാസിക്കുന്ന ദിനം കൂടിയാണിത്.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മലയാളികളാണ് കൂടുതലായും ഇവിടെ എത്തുന്നത്.തിരൂർ തുഞ്ചൻപറമ്പിൽ രാവിലെ 5.30 മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ പുലർച്ചെ നാലുമുതൽ കുരുന്നുകളെ എഴുത്തിനിരുത്തി. ഗുരുക്കന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും ആദ്യാക്ഷരം കുറിക്കാനായി വലിയ തിരക്കാണ്. പൂജപ്പുരയിൽ ചാണ്ടി ഉമ്മൻ എംഎൽഎ രാവിലെ തന്നെ കുട്ടികളെ എഴുത്തിനിരുത്തി. മറ്റ് പ്രമുഖരും ഇവിടെ വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കും.വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനായി നിരവധി പേർ എത്തുന്നുണ്ട്. പറവൂരിലെ ഓഫീസിൽ വി.ഡി. സതീശനും കുരുന്നുകളെ എഴുത്തിനിരുത്തും.
© Copyright - MTV News Kerala 2021





View Comments (0)