
രണ്ടു നൂറ്റാണ്ടിലധികമായി സബ് താലൂക്ക് ആയി തുടരുന്ന കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലത്തിന് താലൂക്ക് പദവി നൽകി ഉയർത്തണമെന്ന് എംഎ റസാഖ് മാസ്റ്റർ എംഎൽഎ. നിയമസഭ സമ്മേളനത്തിലാണ് എം.എ. റസാഖ് മാസ്റ്റർ സബ്മിഷനിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ജില്ലയിലെ താലൂക്കുകളുടെ ജനസംഖ്യാ ബാഹുല്യവും ജോലിഭാരവും കാരണം സാധാരണക്കാർ വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിച്ച് കോഴിക്കോട് താലൂക്ക് ഓഫിസിനെ ആശ്രയിക്കേണ്ടി വരുന്ന ദുരിതം എം.എൽ.എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), എൻ.ഐ.ഇ.എൽ.ടി, സി.ഡബ്ല്യു.ആർ.ഡി.എം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ നിലനിൽക്കുന്ന വേഗത്തിൽ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുന്ദമംഗലം എന്ന് എം.എൽ.എ സൂചിപ്പിച്ചു.മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഒരു താലൂക്കിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ എട്ട് സ്റ്റാഫുകളും കുന്ദമംഗലത്തുണ്ട്.ഇതിൽ ആറുപേരും ഡെപ്യൂട്ടേഷനിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് 1805ൽ രൂപവത്കരിച്ച കുന്ദമംഗലം സബ് താലൂക്ക് രണ്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും താലൂക്ക് പദവി ലഭിക്കാതെ കേരളത്തിൽ അവശേഷിക്കുന്ന ഏക സബ് സബ് താലൂക്കാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോഴിക്കോട്, താമരശ്ശേരി താലൂക്കുകൾ പുനഃക്രമീകരിച്ച് 18 വില്ലേജുകൾ ഉൾപ്പെടുത്തി കുന്ദമംഗലം താലൂക്ക് രൂപവത്കരിക്കണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ സഭയിൽ പറഞ്ഞു.
© Copyright - MTV News Kerala 2021





View Comments (0)