കൃഷിയിൽ സജീവമായ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പരിഗണനയിൽ: മന്ത്രി ടി. സിദ്ദിഖ്

MTV News 0
Share:

 

വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനായി കൃഷിയിൽ സജീവമായി ഏർപ്പെടുന്നവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണനയിലാണെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം വളർത്താൻ ഈ വർഷം 500 സ്കൂളുകളിൽ ‘കതിർ ക്ലബ്ബുകൾ’ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനും വിള ഇൻഷുറൻസിനുമായി കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന് 119.68 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2021 മുതൽ കുടിശ്ശികയായ നഷ്ടപരിഹാരത്തുകയും വിള ഇൻഷുറൻസ് തുകയും രണ്ടാഴ്ചയ്ക്കകം പൂർണമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി 76.68 കോടി രൂപയും വിള ഇൻഷുറൻസ് ഇനത്തിൽ 43 കോടി രൂപയുമാണ് ലഭ്യമാക്കാനുള്ളത്. അനുവദിച്ച 119.68 കോടി രൂപയിൽ 22.39 കോടി രൂപ ഇതിനകം വിതരണം ചെയ്തു. കാർഷിക അഭിവൃദ്ധി ഫണ്ടിൽനിന്ന് തുക അനുവദിച്ച് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കർഷകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മഴക്കാലത്തെ അതിതീവ്രമഴയും വേനൽക്കാലത്തെ വരൾച്ചയും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാർ നൽകുന്ന നഷ്ടപരിഹാരം കർഷകർക്ക് ആശ്വാസമാകുമെന്നും കാർഷികവൃത്തിയിൽ തുടരാൻ അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.2015-നുശേഷം വന്യജീവി ആക്രമണം മൂലം കൃഷിക്ക് വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മലയോര മേഖലയിലെയും മറ്റ് പ്രദേശങ്ങളിലെയും കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിഷയത്തിൽ വനംവകുപ്പ് മന്ത്രിയുമായി രണ്ടുതവണ ചർച്ച നടത്തിയിട്ടുണ്ട്.തെങ്ങ്, കൊക്കോ തുടങ്ങിയ വിളകളെയും വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തും. തേങ്ങയ്ക്ക് കിലോഗ്രാമിന് 15 രൂപയും കൊക്കോയ്ക്ക് 30 രൂപയും നഷ്ടപരിഹാരം നൽകും. മാവ് ഉൾപ്പെടെയുള്ള മറ്റ് വിളകളെയും പരിധിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൃഷിനാശത്തിനും വന്യജീവി ആക്രമണത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിലവിലെ പരിധികൾ എടുത്തുകളഞ്ഞതായും മന്ത്രി വ്യക്തമാക്കി.കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി കൃഷിവകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയെ ഏകോപിപ്പിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ആവശ്യമായ തീരുമാനങ്ങളെടുക്കും. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ കഴിയുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനായുള്ള ‘കതിർ ക്ലബ്’ പദ്ധതിയുടെ ലോഗോ ഈ മാസം അവസാനത്തോടെ പ്രകാശനം ചെയ്യും. നവംബറിൽ പദ്ധതി ഔദ്യോഗികമായി ആരംഭിക്കാനാണ് തീരുമാനം. വീടുകളിലും സ്കൂളുകളിലും കൃഷി പ്രോത്സാഹിപ്പിച്ച് വിദ്യാർഥികളെ കാർഷിക മേഖലയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. ലോക മണ്ണ് ദിനത്തോടനുബന്ധിച്ചുള്ള സംസ്ഥാനതല പരിപാടി ഡിസംബർ അഞ്ചിന് വയനാട്ടിൽ സംഘടിപ്പിക്കും. കിഴങ്ങുവിളകളുമായി ബന്ധപ്പെട്ട സംസ്ഥാനതല പരിപാടി ഡിസംബർ നാലിന് തിരുവനന്തപുരത്തും നടത്തും.