
കേരളത്തിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപത്തുക ക്രമാതീതമായി വർധിക്കുന്നു. സംസ്ഥാനത്ത് മാത്രം 50.32 ലക്ഷം അക്കൗണ്ടുകളിലായി 1,275.16 കോടി രൂപയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ഈ പണം യഥാർഥ അവകാശികളെ കണ്ടെത്തി തിരികെ നൽകണമെന്ന് ദേശസാൽകൃത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകി. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണ പരിപാടികൾ നടത്താനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്.മിനിമം ബാലൻസ് ഇനത്തിൽ മാത്രം കോടിക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. രണ്ട് വർഷത്തിലധികം ഇടപാടുകളൊന്നും നടക്കാത്ത ബാങ്ക് അക്കൗണ്ടുകൾ നിർജീവമായേക്കാം. എന്നാൽ, ബാങ്കിനെ സമീപിച്ചാൽ ഇത്തരം അക്കൗണ്ടുകൾ വീണ്ടും സജീവമാക്കാം. അക്കൗണ്ടിലുള്ള പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാം. ബാങ്കിന്റെ ഏതെങ്കിലും ശാഖയിലെത്തി കെവൈസി (KYC) വിവരങ്ങൾ പുതുക്കി ആവശ്യമായ നടപടികൾ പൂർത്തിയാക്കാം.അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താനും അവ തിരിച്ചുപിടിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നതിനായി കേന്ദ്ര ധനമന്ത്രാലയം ഏകീകൃത പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. www.unclaimedassetsportal.in എന്ന പോർട്ടലിലൂടെ ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശപ്പെടാത്ത തുകകൾ കണ്ടെത്താനാകും.രാജ്യത്തെ ബാങ്കുകൾ, പെൻഷൻ പദ്ധതികൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലായി അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. ഇതിൽ ബാങ്കുകളിലെ നിക്ഷേപം മാത്രം 75,000 കോടി രൂപയോളം വരും. പത്ത് വർഷത്തിലധികമായി ഇടപാടുകളില്ലാത്ത നിക്ഷേപങ്ങളാണ് സാധാരണയായി അവകാശികളില്ലാത്ത നിക്ഷേപങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റുന്നത്.നിക്ഷേപകർ മരിച്ചതിനെത്തുടർന്ന് അവകാശികൾക്ക് പണത്തെക്കുറിച്ച് അറിവില്ലാതാകുന്നതാണ് ഇത്തരം നിക്ഷേപങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നടപടിക്രമങ്ങളിലെ അശ്രദ്ധ, വിലാസം മാറിയിട്ടും ബാങ്കിനെ അറിയിക്കാതിരിക്കൽ, നോമിനിയെ രേഖപ്പെടുത്താതിരിക്കൽ തുടങ്ങിയവയും പണം അവകാശികളിലേക്ക് എത്താതിരിക്കാൻ കാരണമാകുന്നു.
© Copyright - MTV News Kerala 2021




View Comments (0)