
കോഴിക്കോട് പാളയം മാർക്കറ്റ് പൊളിക്കാൻ തീരുമാനം; കോർപ്പറേഷൻ ഉപരോധിച്ച് വ്യാപാരികൾ
കോഴിക്കോട് പാളയം മാർക്കറ്റിലെ കെട്ടിടം പൊളിക്കാനുള്ള കോർപറേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒരു വിഭാഗം വ്യാപാരികൾ. ഇതിന്റെ ഭാഗമായി ഇന്ന് വ്യാപാരികളുടെ നേതൃത്വത്തിൽ കോർപറേഷൻ ഉപരോധിക്കും. കല്ലുത്താൻകടവിലേക്ക് മാറില്ലെന്നും പാളയം മാർക്കറ്റിൽ തന്നെ തുടരുമെന്നുമുള്ള നിലപാടിലാണ് ഒരു വിഭാഗം വ്യാപാരികൾ. കാലപ്പഴക്കം ചെന്ന പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റണമെന്ന് എൻ.ഐ.ടി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കെട്ടിടം പൊളിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുത്തത്. കൗൺസിലിൽ യു.ഡി.എഫ് എതിർത്തെങ്കിലും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതോടെ അജണ്ട പാസാകുകയായിരുന്നു. കോർപ്പറേഷൻ നടപടി കടുപ്പിക്കുമ്പോഴും മാർക്കറ്റിൽ നിന്ന് ഒഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം വ്യാപാരികൾ. കല്ലുത്താൻകടവിൽ തയ്യാറാക്കിയ പുതിയ മാർക്കറ്റ് കെട്ടിടത്തിൽ 380 കടമുറികളുണ്ട്. എന്നാൽ, ലൈസൻസുള്ള 153 വ്യാപാരികൾ ഇപ്പോഴും പാളയത്ത് തന്നെ തുടരുകയാണ്. കഴിഞ്ഞ എട്ടുമാസമായി കോർപ്പറേഷൻ ലൈസൻസ് പുതുക്കി നൽകുന്നില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു. മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടാണ് വ്യാപാരികൾ ഉപരോധ സമരത്തിലേക്ക് കടക്കുന്നത്. കോർപ്പറേഷൻ തീരുമാനം തിരുത്തിയില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
© Copyright - MTV News Kerala 2021



View Comments (0)