പുലർച്ചെ വാഹനങ്ങളുമായി ഇറങ്ങി കുട്ടി ഡ്രൈവർമാർ; വണ്ടി നൽകിയ 2 രക്ഷിതാക്കൾ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് നടപടി

MTV News 0
Share:

കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം നൽകിയ രണ്ടു രക്ഷിതാക്കൾ ഉൾപ്പെടെ 4 പേർക്കെതിരെ പൊലീസ് നടപടി. 3 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നഗരത്തിൽ കുട്ടികൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണു പൊലീസ് പരിശോധന. ടൗൺ പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത 2 കുട്ടികളെയും മാവൂരിൽ കാറുമായി സഞ്ചരിച്ച കുട്ടിയെയുമാണു പിടികൂടിയത്.ഇന്നലെ പുലർച്ചെ 1.40നു മാനാഞ്ചിറ ടൗൺഹാൾ റോഡിലൂടെ അമിത വേഗത്തിൽ ഓടിച്ച സ്കൂട്ടർ പൊലീസ് കൈകാണിച്ചു നിർത്തി പരിശോധിച്ചപ്പോഴാണു ലൈസൻസില്ലാത്ത കുട്ടിയാണെന്നു വ്യക്തമായത്. തുടർന്ന് വാഹന ഉടമയെ പൊലീസ് ബന്ധപ്പെട്ടു. കണ്ണിപറമ്പ് സ്വദേശി കെ.അബ്ദുൽ നൈഫലിനെതിരെ ടൗൺ പൊലീസ് കേസെടുത്തു. 3.40ന് മറ്റൊരു സ്കൂട്ടർ ഓടിച്ചെത്തിയ കുട്ടിയെയും പിടികൂടി. കുട്ടിക്കു വാഹനം നൽകിയ വാഹന ഉടമ പാവണ്ടൂർ സ്വദേശി കെ.ബിജുലയ്ക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു. മാവൂരിൽ പുലർച്ചെ 4നു കാർ ഓടിച്ചു വന്ന കുട്ടിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് നൽകിയ കാർ എടുത്തു പോകുകയായിരുന്നെന്നു പറഞ്ഞു. സുഹൃത്തിനെ പൊലീസ് വിളിച്ചു വരുത്തി കാർ കസ്റ്റഡിയിലെടുത്തു. ഉള്ളൂർ പുത്തൻപുരയിൽ സ്വദേശി അബ്ദുൽ സമദിനെതിരെ മാവൂർ പൊലീസ് കേസെടുത്തു.ചക്കുംകടവിൽ വൈകിട്ട് പന്നിയങ്കര പൊലീസ് സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു പരിശോധിച്ചതിൽ ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് കണ്ടെത്തി. തുടർന്ന് വാഹന ഉടമയെ കണ്ടെത്തി. കുട്ടിയുടെ മാതാവ് പന്നിയങ്കര സ്വദേശി ടി.നസ്രിയക്കെതിരെ പൊലീസ് കേസെടുത്തു.