
കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച 1.67 കോടി രൂപയുടെ സ്വർണമിശ്രിതം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്റ്സ് (ഡി.ആര്.ഐ) സംഘം യാത്രക്കാരനില്‍നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ കാസര്‍കോട് സ്വദേശി മുഹമ്മദ് അസറുദ്ദീന് പിടിയിലായി. 1.3 കിലോ സ്വർണമിശ്രിതമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. സമീപകാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡി.ആര്.ഐ സംഘം പിടികൂടുന്ന ഏറ്റവും വലിയ കള്ളക്കടത്താണിത്.അബൂദബിയില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് അസറുദ്ദീന് ഹാന്‍ഡ് ബാഗിലായിരുന്നു സ്വർണമിശ്രിതം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെത്തിയ ഡി.ആര്.ഐ സംഘം ബാഗേജ് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ നാലാമത്തെ സ്വർണവേട്ടയാണിത്.
© Copyright - MTV News Kerala 2021





View Comments (0)