
വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി ഹൈദരാബാദിൽ പിടിയിൽ; 11 പ്രതികളിൽ 10 പേരും അറസ്റ്റിൽ
അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുടെ ആസൂത്രകൻ ഷിന്റോ ഷിബുവാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതോടെ കേസിലെ 11 പ്രതികളിൽ പത്തുപേരും അറസ്റ്റിലായി.കേസിലെ പത്തും പതിനൊന്നും പ്രതികളായ വയനാട് പുൽപ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാൽ എന്നിവരെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ജൂൺ 28ന് പുലർച്ചെ രണ്ടുമണിയോടെ വടകരയിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് കേസിന്റെ തുടക്കം. തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തുവന്നത്.പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർമാരായ മരുതോങ്കര സ്വദേശി കീർത്തന (31), ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി. നീഷ്മ (30), ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ് എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.കേസിലെ മറ്റ് ചില പ്രതികൾക്ക് നേരത്തെ വടകര എൻഡിപിഎസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)