
മരത്തിനു മുകളിൽ കൂറ്റൻ പെരുമ്പാമ്പ്, 3 സേനകള്‍ ശ്രമിച്ചിട്ടും ഇറക്കാനായില്ല; കാവൽ ഏർപ്പെടുത്തി
മീഞ്ചന്ത മിനി ബൈപാസിൽ തിരുവണ്ണൂർ പെട്രോൾ പമ്പിനു സമീപത്തെ മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പ് മണിക്കൂറുകളോളം പൊലീസിനെയും ഫയർ ഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടം കറക്കി. 5 മണിക്കൂറിലേറെ 3 സേനകളും പരിശ്രമിച്ചിട്ടും പാമ്പിനെ മരത്തിൽ നിന്നിറക്കാനാകാതിരുന്നതിനെ തുടർന്ന് പാമ്പിന് കാവൽ ഏർപ്പെടുത്തി സേനാംഗങ്ങൾ പിൻമാറുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് മരത്തിനു മുകളിൽ പാമ്പിനെ കണ്ടത്. നാട്ടുകാരിൽ ചിലർ പെരുമ്പാമ്പിനെ കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സും എത്തി, മരത്തിനു മുകളിലേക്ക് വെള്ളം ചീറ്റിച്ചും മറ്റും പെരുമ്പാമ്പിനെ നിലത്തിറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അവരും പെരുമ്പാമ്പിനെ നിലത്തിറക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ മരത്തിനു മുകളിലെ പെരുമ്പാമ്പിനെ കാണാൻ ബൈപാസിൽ വലിയ തോതിൽ ജനവും തടിച്ചുകൂടി. ഇതോടെ ഇവിടെ ഗതാഗതക്കുരുക്കുമായി.തിരുവണ്ണൂരിൽ ശൂരസംഹാര മഹോത്സവത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാൽ വലിയ ജനക്കൂട്ടവും വെളിച്ചവും ഉണ്ടായിരുന്നതിനാലാണ് പെരുമ്പാമ്പ് മരത്തിൽ നിന്ന് ഇറങ്ങാതിരിക്കുന്നതെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ തൽക്കാലം ശ്രമം ഉപേക്ഷിച്ചത്. പെരുമ്പാമ്പിനെ നിരീക്ഷിക്കാൻ മരത്തിന് സമീപം ആളുകളെ നിയോഗിച്ചാണ് സേനകൾ രാത്രിയോടെ പിൻമാറിയത്.
© Copyright - MTV News Kerala 2021





View Comments (0)