സത്യസന്ധതക്ക് ലക്ഷങ്ങളെക്കാൾ തിളക്കം; കളഞ്ഞുകിട്ടിയ 6 പവൻ ഉടമയ്ക്ക് തിരികെ നൽകി ദമ്പതിമാർ

MTV News 0
Share:

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 6 പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ദമ്പതികള്‍ മാതൃകയായി. കോഴിക്കോട് പുതിയങ്ങാടി പടിഞ്ഞാറെ വട്ടക്കണ്ടി വികാസ് ഭവനിൽ സന്ദീപ് കുമാറും ഭാര്യ വിനീതയുമാണ് തങ്ങളുടെ സത്യസന്ധതയിലൂടെ നാട്ടുകാരുടെയും പോലീസിന്റെയും പ്രശംസ പിടിച്ചുപറ്റിയത്.ബുധനാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് വെസ്റ്റ് ഹിൽ ചുങ്കത്ത് റോഡിൽ ആറ് പവൻ തൂക്കം വരുന്ന സ്വർണമാല വീണുകിടക്കുന്നത് സന്ദീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആഭരണം നഷ്ടപ്പെട്ടതാണെന്ന് മനസ്സിലാക്കിയ സന്ദീപ് വൈകിട്ടോടെ ഭാര്യയെയും കൂട്ടി നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി ആഭരണം റോഡിൽ നിന്ന് ലഭിച്ചതാണെന്ന് വ്യക്തമാക്കി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്റ്റേഷനിൽ ലഭിച്ച ആഭരണം വെസ്റ്റ് ഹിൽ ചുങ്കത്തുള്ള കെഎസ്എഫ്ഇ ജീവനക്കാരിയായ എടക്കാട് സ്വദേശി ഇന്ദുവിന്റേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.തുടർന്ന് ആഭരണത്തിന്റെ ഉടമയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സന്ദീപ്, ഭാര്യ വിനീത, മക്കളായ കൃഷ്ണനന്ദ, വിഷ്ണു എന്നിവർ ചേർന്ന് സ്വർണമാല കൈമാറി. കളഞ്ഞുപോയ ആഭരണം തിരികെ ലഭിച്ചതിൽ സന്ദീപിനും കുടുംത്തിനും നന്ദി അറിയിച്ചു. നടക്കാവ് ഇൻസ്പെക്ടർ ജംഷിദ് പി, എഎസ്ഐ രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഹുൽ, സിവിൽ പോലീസ് ഓഫീസർ നിഷോബ് എന്നിവരും ചേർന്നാണ് ആഭരണം കൈമാറിയത്.