
ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗ കാലാവധി സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്താൻ കേന്ദ്രം. നിബന്ധനകൾ യുക്തിസഹമാക്കുകയെന്ന ലക്ഷ്യത്തോടെ 1945ലെ ഔഷധ നിയമത്തിലെ 31ാം ചട്ടത്തിൽ ഭേദഗതി നിർദേശിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഫാർമസ്യൂട്ടിക്കൽ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ നിയമപരമായ തടസ്സം നീക്കാനാണ് നടപടി.ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് ആകെ ഷെൽഫ് ലൈഫിന്‍റെ 60 ശതമാനത്തിലധികം ശേഷിക്കണമെന്നതാണ് നിലവിലെ നിബന്ധന. പുതിയ നിർദേശമനുസരിച്ച് ഇറക്കുമതിസമയത്ത് കുറഞ്ഞത് 12 മാസം ശേഷിക്കുന്ന ഷെൽഫ് ലൈഫ് ഉണ്ടായാൽ മതിയാകും. ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിന്‍റെ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഭേദഗതികൾ നിർദേശിച്ചത്. നിലവിൽ, 1945ലെ മരുന്നുകളും സൗന്ദര്യവർധക സാധനങ്ങളും സംബന്ധിച്ച നിയമത്തിനുകീഴിൽ 60 ശതമാനത്തിലധികം ഉപയോഗ കാലാവധി ശേഷിക്കുന്ന മരുന്നുകൾ മാത്രമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും കഴിയുക.രോഗികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കുകയും അതോടൊപ്പം മരുന്നുകളുടെ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ നീക്കമെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ രാജ്യത്തേക്ക് എത്തുമ്പോൾ അവക്ക് കുറഞ്ഞത് 12 മാസത്തെ ഉപയോഗ കാലാവധി ശേഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമ്പോൾ വിതരണത്തിനും ഉപയോഗത്തിനും വേണ്ടത്ര സമയം ലഭിക്കും.
© Copyright - MTV News Kerala 2021





View Comments (0)