
കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ കാട്ടില്‍ കയറിയത് എന്തിനാണ് എന്നതിലടക്കം വനംവകുപ്പവിശദമായ അന്വേഷണം നടത്തും.ഇന്നലെയാണ് മൂന്ന് യുവാക്കള്‍ വിലങ്ങാട് വനത്തിനുള്ളില്‍ കുടുങ്ങിയത്. വൈകുന്നേരം ഏഴ് മണിയോടെ കാട്ടിനുള്ളില്‍ നിന്ന് വെളിച്ചവും ശബ്ദവും കേട്ടതായി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു.വനാതിര്‍ത്തിയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാക്കളെ കണ്ടെത്തിയത്. ചെങ്കുത്തായ വനപാതയിലൂടെ ഒന്നര മണിക്കൂറോളം കാല്‍നടയായി സഞ്ചരിച്ചാണ് പന്ത്രണ്ടംഗ സംഘം യുവാക്കളുടെ അടുത്തെത്തിയത്.പകല്‍ സമയത്തുപോലും വഴിതെറ്റാന്‍ സാധ്യതയുള്ള, വയനാട് മലനിരകളോട് ചേര്‍ന്നുനില്‍ക്കുന്ന അതിദുര്‍ഘടമായ വനമേഖലയിലാണ് യുവാക്കള്‍ അകപ്പെട്ടത്. വാളൂക്ക് അത്തായക്കൊത്ത് എന്ന സ്ഥലത്തുനിന്നാണ് മൂവരെയും കണ്ടെത്തിയത്. നാല് മണിയോടെ കാട്ടില്‍ കയറിയ ഇവര്‍ നേരം ഇരുട്ടിയതോടെ കാട്ടില്‍ കുടുങ്ങുകയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)