സൗദി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ് വെട്ടിക്കുറച്ചു: 25 ശതമാനം വരെ പിഴ

MTV News 0
Share:

കൈവശം വെക്കാവുന്ന സ്വർണത്തിന്റേയും വിലപിടിപ്പുള്ള ആഭരണങ്ങളുടേയും അളവ് വെട്ടിക്കുറച്ച് സൗദി അറേബ്യ. രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്കും അവിടെനിന്ന് മടങ്ങുന്നവർക്കും കൈവശം വെക്കാവുന്ന സ്വർണം, വിലപിടിപ്പുള്ള ആഭരണങ്ങൾ, പണം എന്നിവയുടെ ഡിക്ലറേഷൻ പരിധിയാണ് സൗദി ഭരണകൂടം വെട്ടിക്കുറച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പുതിയ ഭേദഗതി.ഇനിമുതൽ 40,000 സൗദി റിയാൽ (ഏകദേശം 10 ലക്ഷം ഇന്ത്യന്‍ രൂപ) അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള സ്വർണക്കട്ടികൾ, വിലകൂടിയ ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശമുള്ളവർ അത് സംബന്ധിച്ച രേഖകള്‍ നിർബന്ധമായും കസ്റ്റംസിന് മുന്നിൽ ഹാജരാക്കണം. മുൻപ് ഈ പരിധി 60,000 റിയാലായിരുന്നു. അതായത് പുതുക്കിയ നിയമപ്രകാരം യാത്രക്കാർ തങ്ങളുടെ കൈവശമുള്ള ഇത്തരം വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ കസ്റ്റംസ് ഡിക്ലറേഷൻ ഫോമിൽ രേഖപ്പെടുത്തണം.സ്വർണത്തിന്റെ മൂല്യം തെളിയിക്കുന്നതിനായി വാങ്ങിയ ബില്ലോ മറ്റ് രേഖകളോ ഹാജരാക്കുകയും വേണം. വ്യക്തിഗത ആവശ്യത്തിനല്ലാതെ, വാണിജ്യ ആവശ്യങ്ങൾക്കാണ് ഇവ കൊണ്ടുവരുന്നതെന്ന് കണ്ടെത്തിയാൽ ‘യൂണിഫൈഡ് കസ്റ്റംസ് നിയമ’ പ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും.വിവരങ്ങൾ മറച്ചുവെക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ‘സകാത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിക്ക്’ താൽക്കാലികമായി ഇവ കണ്ടുകെട്ടാൻ അധികാരമുണ്ടാകും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടെന്ന് സംശയമുള്ള പണമോ സ്വർണമോ 72 മണിക്കൂർ വരെ അതോറിറ്റിക്ക് തടഞ്ഞുവെക്കാം. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷനും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസിനും കൈമാറും.