
അതിഥി തൊഴിലാളികൾക്ക് ഇനി മലയാള മധുരം;നാദാപുരത്ത് ചങ്ങാതി പദ്ധതി ആരംഭിച്ചു
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ചങ്ങാതി പദ്ധതിക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് തുടക്കമായി. പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് ബംഗാൾ സ്വദേശിനിയായ സാഹിറയ്ക്ക് ചങ്ങാതി പാഠപുസ്തകം നൽകി ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഉത്തരേന്ത്യയിൽ നിന്നെത്തി കേരളത്തിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഹിന്ദി മാത്രം അറിയാവുന്ന അതിഥിത്തൊഴിലാളികൾക്ക് മലയാളം പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാദാപുരത്ത് 90 തൊഴിലാളികളാണ് പദ്ധതിയിൽ പഠിതാക്കളായി ചേർന്നത്.ദിവസേന വൈകിട്ട് ഏഴു മുതൽ എട്ടു വരെയാണ് ക്ലാസുകൾ നടക്കുക. നാദാപുരം പുതിയോട്ടിലെ ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിക്കുന്ന തൊഴിലാളികൾക്കായി അവിടെത്തന്നെയാണ് പഠനസൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ പ്രാവീണ്യമുള്ള രണ്ട് അധ്യാപകരെയാണ് ക്ലാസുകൾക്കായി സാക്ഷരതാ മിഷൻ ചുമതലപ്പെടുത്തിയിട്ടുള്ളത്.ജില്ലയിൽ ഈ വർഷം നാദാപുരത്താണ് ചങ്ങാതി പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ ആയിരത്തിലധികം അതിഥിത്തൊഴിലാളികൾക്ക് പദ്ധതിയിലൂടെ മലയാളം പഠിപ്പിച്ചിട്ടുണ്ട്. നാലു മാസം നീളുന്ന പഠനപരിശീലനത്തിലൂടെ മലയാളം എഴുതാനും വായിക്കാനും പഠിതാക്കളെ പ്രാപ്തരാക്കുകയും തുടർന്ന് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ജനപ്രതിനിധികളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെയും സാക്ഷരതാ മിഷനിലെയും ഉന്നത ഉദ്യോഗസ്ഥരും ക്ലാസുകൾ സന്ദർശിക്കും.ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ കോഴിക്കോട് ജില്ലാ കോഡിനേറ്റർ പി.എൻ. ബാബു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. വി. വിജയലക്ഷ്മി ടീച്ചർ, റംല ടീച്ചർ, വി. അബ്ദുൾ ജലീൽ, ക്വാർട്ടേഴ്സ് ഉടമ ആയിഷ പുതിയേട്ടിൽ, ചങ്ങാതി അധ്യാപകൻ ടി. ഹാരിസ് സാക്ഷരതാ മിഷൻ പ്രേരക്മാരായ ഇ. പ്രവീൺ കുമാർ കെ. സുബിത എന്നിവർ സംസാരിച്ചു.
© Copyright - MTV News Kerala 2021





View Comments (0)