
അന്താരാഷ്ട്ര ജല സസ്യ സമ്മേളനത്തിന് മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി
“ജലസസ്യങ്ങൾ: സംസ്കാരം, നവീകരണം, സുസ്ഥിരത” എന്ന പ്രമേയത്തിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റൂട്ട് ഫോർ പ്ലാന്റ് സയൻസസ്, കമ്മീഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റ്, നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒക്ടോബർ 2 മുതൽ 4 വരെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിനു കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ സിമ്പോസിയം ഉദ്ഘാടനം ചെയ്തു.ശാസ്ത്രീയ അറിവ് ശക്തിപ്പെടുത്തുന്നതിനും നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിനും പ്രത്യേക പ്രാധാന്യം നൽകേണ്ടതാണെന്നു അദ്ദേഹം പറഞ്ഞു . കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പ് എക്സ്-ഓഫീഷ്യാ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. കെ. രാമചന്ദ്രൻ ചടങ്ങിl അധ്യക്ഷമായിരുന്നു.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ ജലസസ്യങ്ങളുടെയും തണ്ണീർത്തട ആവാസവ്യവസ്ഥകളുടെയും വൈവിധ്യം, പാരിസ്ഥിതിക പ്രാധാന്യം, സുസ്ഥിര വിനിയോഗം, സംരക്ഷണം എന്നിവ സംബന്ധിച്ച് ഗവേഷകർ, അക്കാദമിക് വിദഗ്ദർ, സംരക്ഷണ പ്രവർത്തകർ, പ്രായോഗിക രംഗത്തെ വിദഗ്ഗർ എന്നിവർ ആശയവിനിമയം നടത്തും. നാല് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 100 ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സിമ്പോസിയത്തിൽ പ്രഭാഷണങ്ങൾക്കു പുറമെ വാചികാവതരണങ്ങളും പോസ്റ്റർ അവതരണങ്ങളും ഉണ്ടായിരിക്കും.ജലസസ്യ വൈവിധ്യം, വർഗീകരണം, പരിസ്ഥിതിശാസ്ത്രം, സംരക്ഷണം, പ്രജനനം, കൃഷി, പരമ്പരാഗത അറിവ്, സുസ്ഥിര വിനിയോഗം, തണ്ണീർത്തട ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം, നവീന ആശയങ്ങൾ, ജലസസ്യ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായുള്ള പുതിയ സമീപനങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
© Copyright - MTV News Kerala 2021





View Comments (0)