ഇടിവിന്റെ ട്രെന്റ് അവസാനിച്ചോ? സ്വർണ വിലയിൽ വർധന

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,085 രൂപയും പവന് 1,04,680 രൂപയുമായി വില. ശനിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയ വില അവധിദിനമായ ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,000 ഡോളർ നിലവാരത്തിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 1,11,040 രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് 6,360 രൂപ കുറവാണ്.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ നിന്ന് താഴേക്ക് വന്നതോടെയാണ് സ്വർണ വിപണിയിൽ വലിയ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. അമേരിക്കയിലെ പണപ്പെരുപ്പ ആശങ്കകൾ, ഉയർന്ന പലിശനിരക്കുകൾ, ശക്തിപ്പെടുന്ന ഡോളർ എന്നിവയാണ് വിലയിടിവിന് പ്രധാന കാരണങ്ങൾ. പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വർണത്തെക്കാൾ ഉയർന്ന വരുമാനം നൽകുന്ന യുഎസ് ബോണ്ടുകൾ നിക്ഷേപകരെ ആകർഷിക്കുമ്പോൾ സ്വർണത്തിന്റെ ആവശ്യകത കുറയാം. ഇതിന് പുറമേ, നേരത്തേ വില കുതിച്ചുയർന്നപ്പോൾ സ്വർണം വാങ്ങിയ ചില നിക്ഷേപകർ ലാഭമെടുക്കാൻ വിൽപ്പന നടത്തിയതും വിലയിൽ സമ്മർദമുണ്ടാക്കി.