എസ്‌ഐആര്‍ വോട്ടർപട്ടിക വിവാദം: പേരുകൾ വെട്ടിമാറ്റപ്പെട്ടവർക്കായി പ്രത്യേക ഡ്രൈവ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം

MTV News 0
Share:

പ്രത്യേക വിവരശേഖരണവുമായി (SIR) ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ ഒഴിവാക്കപ്പെട്ടെന്ന വിമർശനങ്ങൾക്കിടെ, നടപടികൾ പൂർത്തിയാക്കിയ 20 സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും പ്രത്യേക ഡ്രൈവ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഇതുസംബന്ധിച്ച് സെപ്റ്റംബർ 29-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് കത്തയച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ഈ ആവശ്യം മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ടുകൾ.രാജ്യത്തുടനീളം 13 കോടിയോളം പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതേത്തുടർന്ന് കമ്മീഷൻ കടുത്ത വിമർശനവും ജനരോഷവും നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് തകരാറുകൾ പരിഹരിച്ചുകൊണ്ട് പുതിയ നീക്കം നടപ്പിലാക്കുന്നത്.ജൂലൈ മാസത്തിൽ അപേക്ഷ നൽകാനുള്ള ഫോം 6-ൽ ഉൾപ്പെടുത്തിയ ചോദ്യം ഒഴിവാക്കിയായിരിക്കും പുതിയ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുക. നേരത്തെ, അപേക്ഷകനോ അവരുടെ മാതാപിതാക്കളോ SIR-മായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നത് ഓൺലൈൻ ഫോമിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ മാതാപിതാക്കളുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അപേക്ഷകർക്ക് ഈ ചോദ്യത്തിന് മറുപടി നൽകാനാകാതെ ഫോം സബ്മിറ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇത് വലിയ രീതിയിലുള്ള സാങ്കേതിക തടസ്സങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരുന്നു. ഈ ചോദ്യം പൂർണ്ണമായി ഒഴിവാക്കുന്നതോടെ അർഹരായ മുഴുവൻ ആളുകൾക്കും വീണ്ടും അപേക്ഷ നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.