
എൻ്റമോളജി എക്സിബിഷൻ ; കൊതുകിന്റെ വളർച്ചാ ഘട്ടങ്ങൾ നേരിട്ട് അറിയാം, കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാം
കൊതുകുകളുടെ വളർച്ചാ ഘട്ടങ്ങളും പ്രജനന രീതികളും പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാനും കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ശക്തിപ്പെടുത്താനും കോഴിക്കോട് പുതിയ സ്റ്റാൻഡിൽ എന്റമോളജി എക്സിബിഷൻ സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ കോഴിക്കോട് പുതിയ സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രദർശനം കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീജ സി. നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ബയോളജിസ്റ്റ് കെ പി റിയാസ് , ഹെൽത്ത് സൂപ്പർവൈസർമാരായ പി ഹരി , കിഷോർ കുമാർ, അസിസ്റ്റന്റ് എൻ്റമോളജിസ്റ്റ് സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, ഷമീർ എന്നിവരും ഡിവിസി സോണൽ എന്റമോളജി യൂണിറ്റുകളിലെ ആരോഗ്യ പ്രവർത്തകരും പ്രദർശനത്തിന് നേതൃത്വം നൽകി.വിവിധ ഇനം കൊതുകുകളുടെ പ്രജനന രീതികൾ, വളർച്ചാ ഘട്ടങ്ങൾ, കൊതുകുകൾ വഴി പകരുന്ന രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രദർശനത്തിൽ വിശദീകരിച്ചു.ഈഡിസ് കൊതുകുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ രോഗങ്ങളും അനോഫിലസ് കൊതുകുകൾ മലമ്പനിയും പകർത്തുന്നു. ക്യൂലക്സ് കൊതുകുകൾ ജാപ്പനീസ് എൻസഫലൈറ്റിസ്, വെസ്റ്റ് നൈൽ പനി തുടങ്ങിയ രോഗങ്ങളുടെ പ്രധാന വെക്ടറുകളാണ്.പനിയുള്ളവർ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും . ഇതര സംസ്ഥാനങ്ങളിൽ വിനോദയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ പോയി തിരിച്ചെത്തിയ ശേഷം പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി മലമ്പനി പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു.വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിച്ച് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുക എന്നിവയാണ് പ്രധാന കൊതുക് പ്രതിരോധ മാർഗങ്ങൾ. പൂച്ചട്ടികൾ, ട്രേകൾ, ഉപേക്ഷിച്ച ടയറുകൾ, കുപ്പികൾ, പാത്രങ്ങൾ, റബർ തോട്ടങ്ങളിലെ ചിരട്ടകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം
© Copyright - MTV News Kerala 2021





View Comments (0)