
ഓണക്കാലത്തെ 35 ദിവസത്തെ സപ്ലൈകോയുടെ വിറ്റുവരവ് 433.81 കോടി രൂപ. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ 385 കോടി രൂപയെ അപേക്ഷിച്ച് 48.81 കോടി രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കണക്കാണിത്.ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വിൽപ്പനശാലകളിലും തിരക്ക് വർധിച്ചതോടെയാണ് വിറ്റുവരവിലും വലിയ വർധനയുണ്ടായത്. ഏറ്റവും കൂടുതൽ വിറ്റുവരവ് രേഖപ്പെടുത്തിയത് ഉത്രാട ദിനത്തിലാണ്. 27.85 കോടി രൂപയാണ് ഉത്രാട ദിനത്തിലെ വിറ്റുവരവ്.35 ദിവസത്തെ ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278.42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി നിരക്കിലുള്ള വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വിലക്കുറച്ചാണ് ഇത്തവണ വിതരണം ചെയ്തത്.ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് സാധനങ്ങൾ വാങ്ങിയത്.തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടത്തിയ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് 5.33 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്ന് മാത്രം 94 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 4.82 കോടി രൂപയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)