
കമ്മത്ത് ലെയ്നിൽ നടന്നത് കേട്ടുകേൾവിയില്ലാത്ത കവർച്ച; 1.4കോടിയുടെ സ്വർണാഭരണങ്ങളുമായി വ്യാപാരി മുങ്ങി
പാളയം കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരി 1.40 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽനിന്ന് 960 ഗ്രാമിനടുത്ത് സ്വർണവുമായാണ് കമ്മത്ത് ലെയ്നിലെ നാഷനൽ ജ്വല്ലറി പാർട്ണറായ പറമ്പിൽബസാറിൽ താമസക്കാരനായ ർനാസ് (സെപ്പു-35) മുങ്ങിയത്. തന്റെ കടയിലെത്തിയ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേനയാണ് മറ്റ് കടകളിൽനിന്ന് സ്വർണാഭരണങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയത്. ചെറുകിട സ്വർണാഭരണക്കടകളുള്ള കമ്മത്ത് ലെയ്നിൽ പരസ്പരവിശ്വാസത്തിന്റെ പേരിൽ കച്ചവടക്കാർ സ്വർണാഭരണങ്ങൾ കൈമാറൽ പതിവാണ്.12 വർഷത്തോളമായി സഫർനാസ് കമ്മത്ത് ലെയ്നിൽ ഉണ്ട്. ജ്വല്ലറി ജീവനക്കാരനായാണ് ഇവിടെ എത്തിയത്. സ്വന്തമായി ജ്വല്ലറി നടത്തിപ്പ് തുടങ്ങിയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കും രണ്ടിനുമിടയിലാണ് ഇയാൾ സ്വർണാഭരണങ്ങൾ ശേഖരിച്ചത്. യാളുടെ പാർട്ണർ ഭക്ഷണം കഴിക്കാൻപോയ സമയത്തായിരുന്നു സംഭവം.ആഭരണങ്ങൾ ശേഖരിച്ചശേഷം കടയുടെ ഗ്ലാസ്ഡോർ അടച്ച് അടുത്ത കടയിൽ താക്കോൽ ഏൽപിച്ചാണ് സഫർനാസ് മുങ്ങിയത്. പാർട്ണർ ഭക്ഷണം കഴിച്ചുവന്നപ്പോൾ ഇയാളെ ഫോണിൽ വിളിച്ചിരുന്നു.ഭക്ഷണം കഴിച്ച് വരാമെന്നായിരുന്നു മറുപടി. അപ്പോഴേക്കും ആഭരണം നൽകിയ കടക്കാർ സഫർനാസിനെ അന്വേഷിക്കാൻ തുടങ്ങി.സാധാരണ ഇങ്ങനെ കൊണ്ടുപോകുന്ന ആഭരണങ്ങൾ നിശ്ചിത സമയത്തിനകം തിരിച്ചെത്തിക്കാറുണ്ട്. വിൽപന നടത്തിയതാണങ്കിൽ അതിന്റെ പണം നൽകും. കച്ചവക്കാർ ഇയാളെ ബന്ധപ്പെട്ടപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.വ്യാപാരികൾ അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് സഫർനാസിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കുന്ദമംഗലം ഭാഗത്ത് ഉള്ളതായി സൂചന ലഭിച്ചു. ഇദ്ദേഹത്തോടൊപ്പമുണ്ട് എന്ന് കരുതുന്നയാൾ സംഭവദിവസം രാത്രി വയനാട്ടിൽ എത്തിയതായും സൂചന ലഭിച്ചു. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് സഫർനാസ് പാസ്പോർട്ട് എടുത്തത്. ടൗൺ പൊലീസാണ് കേസന്വേഷിക്കുന്നത് . ഇയാൾ കടകളിൽ കയറി ആഭരണങ്ങൾ വാങ്ങിപ്പോവുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഒറ്റക്കല്ല ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. പൊലീസ് സഫർനാസിന്റെ വീട്ടിലും പരിശോധന നടത്തി. ഭാര്യയിൽനിന്ന് മൊഴിയെടുത്തു. സംഭവദിവസം ഇയാൾ വൈകീട്ട് വീട്ടിൽ എത്തിയതായും മൊഴിയുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)