
കുരുക്ക് മുറുകും മുൻപേ കുതിച്ചെത്തി; കോഴിക്കോട് 53കാരന്റെ രക്ഷകരായി കേരള പൊലീസ്
കൺട്രോൾ റൂമിലേക്ക് എത്തിയ ഒരു ഫോൺ കോളിന് പിന്നാലെ കേരള പൊലീസ് രക്ഷിച്ചത് 53കാരന്റെ ജീവനാണ്. തൊണ്ടയാടിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ സജി മണിയേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, ഹോം ഗാർഡ് ധനീഷ് എന്നിവരടങ്ങിയ സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിലാണ് 112 കൺട്രോൾ റൂമിൽ നിന്ന് സന്ദേശമെത്തുന്നത്. തൊണ്ടയാട് ഭാഗത്തെ വീടിനുള്ളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്നായിരുന്നു സന്ദേശം.വിവരമറിഞ്ഞ ഉടൻ തന്നെ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേക്ക് പാഞ്ഞെത്തി. എന്നാൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു വീട്. കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പൊലീസ് സംഘം വീടിന് ചുറ്റും പരിശോധന നടത്തി. ഇതിനിടെ ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ഒരാൾ ഫാനിൽ കുരുക്കിട്ടു ജീവനൊടുക്കാൻ ശ്രമിക്കുന്ന കാഴ്ച കണ്ടത്.തുടർന്ന് പൊലീസ് സംഘം മുൻവശത്തെ വാതിലിൽ ശക്തമായി മുട്ടുകയും ബഹളം വയ്ക്കുകയും ചെയ്തു. ബഹളം കേട്ട് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പ്രായമായ സ്ത്രീ ഓടിയെത്തി ഭയത്തോടെ വാതിൽ തുറന്നു. വാതിൽ തുറന്ന നിമിഷം തന്നെ അകത്തേക്ക് കുതിച്ചെത്തിയ പൊലീസ്, കഴുത്തിൽ കുരുക്ക് മുറുകും മുൻപ് തന്നെ ഇയാളെ താഴെയിറക്കുകയായിരുന്നു.പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയും മകളും പിണങ്ങിപ്പോയ വിഷമത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഇയാൾ വ്യക്തമാക്കി. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി സംസാരിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. പൊലീസിന്റെ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഇടപെടലുമാണ് ഒരു ജീവൻ രക്ഷിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)