
കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി വ്യക്തമാക്കിയിരിക്കുന്നത്.അപകടസ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടെന്നും അമിതവേഗത്തിൽ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടെങ്കിലും രണ്ടാമത്തെ വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.വളവുകളിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കെ അപകടത്തിൽപ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം, 100 കിലോമീറ്ററിലേറെ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.അമിതവേഗം കാരണം മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളപ്പാളിയിലൂടെ ടയറുകൾ സഞ്ചരിക്കുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ റോഡും ടയറും തമ്മിലുള്ള ഘർഷണം നഷ്ടപ്പെടുകയും ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിയാതിരിക്കുകയും ചെയ്തതോടെയാണ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായത്. അപകടം നടന്ന സമയത്തുതന്നെ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാർ മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളും ബസ് അതിവേഗത്തിലായിരുന്നുവെന്നതിന് തെളിവാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
© Copyright - MTV News Kerala 2021





View Comments (0)