കേരള പൊലീസിൽ വനിതാ ഉദ്യോഗസ്ഥർക്കായി രണ്ട് പുതിയ പുരസ്കാരങ്ങൾ; കമലമ്മ അവാർഡും പദ്മിനി അമ്മ അവാർഡുമാണ് ഏർപ്പെടുത്തുന്നത്

MTV News 0
Share:

കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനായി രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തും. കമലമ്മ അവാർഡും പദ്മിനി അമ്മ അവാർഡുമാണ് ഏർപ്പെടുത്തുന്നത്. കേരളത്തിലെ ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന സി കമലമ്മയുടെ പേരിലാണ് കമലമ്മ അവാർഡ്. കേരളത്തിലെ ആദ്യ വനിതാ സബ് ഇൻസ്പെക്ടറായിരുന്ന എം പദ്മിനി അമ്മയുടെ പേരിൽ പദ്മിനി അമ്മ അവാർഡും നൽകും.ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കമലമ്മ അവാർഡ് നൽകുക. തെളിവുകളുടെ ഗുണനിലവാരവും കേസുകളിലെ ശിക്ഷാനിരക്കും പുരസ്കാര നിർണയത്തിൽ പരിഗണിക്കും.കേരളത്തിലെ ആദ്യ വനിതാ സബ് ഇൻസ്പെക്ടറും ഇന്ത്യയിൽ വനിതാ പൊലീസ് സ്റ്റേഷന്റെ ചുമതല സ്വതന്ത്രമായി വഹിച്ച ആദ്യ ഉദ്യോഗസ്ഥയുമായിരുന്നു എം പദ്മിനി അമ്മ. ക്രമസമാധാന പാലന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് പദ്മിനി അമ്മ അവാർഡ് നൽകുക. ജനക്കൂട്ട നിയന്ത്രണം, കുറ്റകൃത്യങ്ങൾ തടയൽ, സാമൂഹിക പൊലീസ് പ്രവർത്തനം, നിർണായകവും സങ്കീർണവുമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവ പുരസ്കാരത്തിനായി പരിഗണിക്കും.