
കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്
കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരിൽ വ്യാജ ലിങ്കുകൾ നിർമ്മിച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്.ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ കോഴിക്കോടിന്റെ ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെ നാൾക്കുനാൾ വർദ്ധിക്കുകയാണ്. റൂറൽ ജില്ലയിൽ നിന്നും കഴിഞ്ഞ 11 മാസത്തിനിടെ 20,42,78,046 രൂപയാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. ഇക്കാലയളവിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 2,714 പരാതികളാണ് പൊലീസിന് ലഭിച്ചത്. വ്യാജ നിക്ഷേപ പദ്ധതികളുടെ പേരിലുള്ള ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ മെറ്റയോട് പൊലീസ് ആവശ്യപ്പെടാറുണ്ട്. എന്നാൽ, ഇവ നീക്കം ചെയ്താലും മറ്റു പല പേരുകളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്.പൊതുജനങ്ങൾക്കൊപ്പം ബാങ്ക് അധികൃതരും തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
© Copyright - MTV News Kerala 2021





View Comments (0)