കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും; എയര്‍പോര്‍ട്ടിലെത്താന്‍ പുതിയ സംവിധാനമൊരുങ്ങുന്നു

MTV News 0
Share:

വർഷങ്ങളായി കാത്തിരിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയ്ക്ക് പുറമെ തിരുവനന്തപുരത്തും, കോഴിക്കോടുമാണ് പുതിയ മെട്രോ നിർമിക്കാനൊരുങ്ങുന്നത്. സർക്കാരിൻ്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട് ലൈറ്റ് മെട്രോയുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പഠനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് കാലതാമസമില്ലാതെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഏവിയേഷന്‍ ഹബുകളില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിന് പ്രാധാന്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തില്‍നിന്ന് എയര്‍പോര്‍ട്ടിലെത്താന്‍ പുതിയ സംവിധാനമൊരുക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള വികസന പദ്ധതികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴിക്കോട് സൗത്ത് മണ്ഡലത്തിൻ്റെ വികസനം ലക്ഷ്യമിട്ട് അഡ്വ. ഫൈസല്‍ ബാബു എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഫ്യൂച്ചര്‍ കാലിക്കറ്റ് 360’ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് നഗരത്തിൻ്റെ വികസന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി മനസ് തുറന്നത്.മിഷന്‍ സമുദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ടെ തുറമുഖങ്ങളെല്ലാം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ്, കണ്ടെയ്‌നര്‍ ഫെലിസിറ്റേഷന്‍ സെൻ്റര്‍, ട്രാന്‍ഷിപ്പ്‌മെൻ്റ് ഉള്‍പ്പെടെയുള്ള നിരവധി തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുറമുഖങ്ങളോടനുബന്ധിച്ച് ആരംഭിക്കും. തുറമുഖങ്ങളുടെ വികസനം നഗരത്തിൻ്റെ കൂടി വികസനമാക്കി മാറ്റും. സ്ഥലം ലഭ്യമായാല്‍ കോഴിക്കോട്ട് ക്രൂയിസ് ടെര്‍മിനലും യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എംടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് ഒരുക്കുന്ന കള്‍ച്ചറല്‍ പാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും. തിയറ്ററുകള്‍ , ആര്‍ട്ട് എക്‌സിബിഷന്‍ ഗ്യാലറികള്‍ , തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍ , പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ചുണ്ടാകും. കോഴിക്കോടിൻ്റ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇത് മാറും. കള്‍ച്ചറല്‍ പാര്‍ക്കിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.