
പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങവേ അച്ഛനും അമ്മയും മകനും ഉള്‍പ്പെടെ 3 പേര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
പശുവിന് തീറ്റപ്പുല്ല് വെട്ടി മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ മദ്യപസംഷം നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം അഗസ്ത്യന്മുഴി സ്വദേശി ഷാജി, ഭാര്യ സിനി, 15 വയസ്സുകാരനായ മകന് ഗോകുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 6.30 ഓടെ അഗസ്ത്യന്മുഴി പാലത്തിന് സമീപമാണ് സംഭവം. ഫാം നടത്തിവരുന്ന ഷാജി പശുക്കള്‍ക്കായി സ്ഥിരമായി അഗസ്ത്യന്മുഴി പാലത്തിന് ചുവട്ടില്‍ നിന്നാണ് തീറ്റപ്പുല്ല് ശേഖരിക്കാറുള്ളത്.ഇന്നലെ വൈകീട്ടും പതിവുപോലെ പുല്ല് വെട്ടി തിരികെ മടങ്ങവേ മദ്യപ സംഘത്തിന്റെ ബൈക്കുകള്‍ വഴി തടസ്സപ്പെടുത്തി ഇട്ടിരിക്കുകയായിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഇവര്‍ ഷാജിയെയും സിനിയെയും കുറിച്ച് അപമര്യാദയായി സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പിന്നീടാണ് ക്രൂരമായ മര്‍ദ്ദനം നടന്നത്. ഇവരുടെ മകനെയും സംഘം വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചതായി പരാതിയുണ്ട്. പ്രദേശത്ത് ഇത്തരം ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു
© Copyright - MTV News Kerala 2021





View Comments (0)