
ഞെളിയന്‍പറമ്പ് പ്ലാന്റ് ദക്ഷിണേന്ത്യയിലെ മികച്ച മാലിന്യ സംസ്‌കരണ മാതൃകയാക്കും- മന്ത്രി കെഎം ഷാജി
കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ഞെളിയന്‍പറമ്പില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) സഹകരണത്തോടെ സ്ഥാപിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ശിലാസ്ഥാപനം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു സംസ്‌കരണ പ്ലാന്റായി മാത്രമല്ലാതെ മനോഹരമായ ഒരു മാതൃകാ പാര്‍ക്ക് കൂടിയായി ഞെളിയന്‍പറമ്പിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ വിവിധ മാലിന്യനിക്ഷേപ കേന്ദ്രങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുക്കാനുള്ള വലിയ പരിശ്രമത്തിലാണ് സര്‍ക്കാര്‍. എറണാകുളം, മഞ്ചേരി ഉള്‍പ്പെടെ തദ്ദേശ വകുപ്പിന് കീഴില്‍ കണ്ടെത്തിയ അമ്പതോളം കേന്ദ്രങ്ങളില്‍ സ്ഥലം തിരിച്ചുപിടിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 17.53 ഏക്കര്‍ വിസ്തൃതിയുള്ള ഞെളിയന്‍പറമ്പിലെ രണ്ടു ലക്ഷത്തോളം ടണ്‍ മാലിന്യം മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2027 മാര്‍ച്ചോടെ ഈ പ്രദേശം പൂര്‍ണ്ണമായും മാലിന്യരഹിതമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ബി.ജി പ്ലാന്റിനായി ബി.പി.സി.എല്ലിന് രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി കോര്‍പ്പറേഷനില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന 125 ടണ്‍ പ്ലാന്റിന്റെ മാതൃകയില്‍ ഞെളിയന്‍പറമ്പ് പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കും.ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം കുറിച്ച ‘നിര്‍മ്മലം’ പദ്ധതിയിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളും നഗരങ്ങളും മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന്, മനുഷ്യത്വത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കി എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നതോടെ നമ്മളും അതിവുമായുള്ള ബന്ധം അവസാനിക്കുന്നില്ല. അത് നമ്മുടെ കുടിവെള്ളത്തെയും വായുവിനെയും വരുംതലമുറയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഒ. സദാശിവന്റെ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ രാജീവ്, വി പി മനോജ്, കവിത അരുണ്‍, സി സന്ദേശ്, വിനീത സജീവ്, അഡ്വ. സാറ ജാഫര്‍, കൗണ്‍സിലര്‍മാരായ സയ്യിദ് മുഹമ്മദ് ഷമീല്‍, മനക്കല്‍ ശശി, നമ്പിടി നാരായണന്‍, എസ്.എം. തുഷാര, ആദം മാലിക്ക്, സഫറി വെള്ളയില്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധര്‍മലശ്രീ, എല്‍എസ്ജിഡി ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ്, കോര്‍പറേഷന്‍ സെക്രട്ടറി ഡി സാജു, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി പ്രമോദ്, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അനുരാഗ് സറോജി, ദിനബന്ധു മണ്ടല്‍, ചീഫ് ജനറല്‍ മാനേജര്‍ ഇന്ദ്രജിത്ത് സിംഗ്, ജനറല്‍ മാനേജര്‍ നന്ദന്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)