
ട്യൂബ് സീലര്‍ ക്ഷാമം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്ക് പ്രവര്‍ത്തനം പ്രതിസന്ധിയില്‍
രക്തശേഖരണത്തിന് ആവശ്യമായ ട്യൂബ് സീലറുകള്‍ ഇല്ലാത്തത് കാരണം കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്കിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. കുടിശിക തുക നല്‍കിയിട്ടും ട്യൂബ് സീലര്‍ നല്കാന് വിതരണകമ്പനി തയാറായിട്ടില്ല. വിദേശത്ത് നിന്ന് ലഭ്യമാകാത്തതാണ് വിതരണം വൈകാന്‍ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. രക്തം ശേഖരിക്കുന്ന പ്ലാസ്റ്റിക് ട്യൂബുകള്‍ വായുകടക്കാത്ത വിധം സുരക്ഷിതമായി മുദ്രവെക്കുന്ന ഉപകരണമാണ് ട്യൂബ് സീലറുകള്‍. മെഡിക്കല്‍ കോളജിലെ രക്തബാങ്കില്‍ ട്യൂബ് സീലര്‍ ക്ഷാമം തുടങ്ങിയിട്ട് രണ്ടുമാസമായി. ആകെയുള്ള ആറ് ട്യൂബ് സീലറുകളില് രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ആവശ്യത്തിന് രക്തം ശേഖരിക്കാന്‍ പോലും ആവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രക്തബാങ്ക്. ഒരുദിവസം നൂറ് യൂണിറ്റ് രക്തം മെഡിക്കല്‍ കോളജില്‍ തന്നെ വേണ്ടിവരും. പുറമെ ക്യാംപ് നടത്തി 40 യൂണിറ്റ് രക്തം ശേഖരിച്ചിരുന്നു. എന്നാല്‍, ട്യൂബ് സീലറുകള്‍ ഇല്ലാത്തതിനാല്‍ ക്യാംപുകള്‍ നടത്താന്‍ പോലും കഴിയാത്ത സാഹചര്യമാണ്.കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയതെന്നായിരുന്നു ഇതുവരെ കരാര്‍ കമ്പനി പറഞ്ഞത്. എന്നാല്‍, കുടിശിക തുക നല്‍കിയിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും അനക്കമില്ല. ഒരാഴ്ച കൊണ്ട് ഉപകരണമെത്തുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. വിദേശത്ത് നിന്ന് എത്തിക്കുന്ന ഉപകരണത്തിന് ഒരെണ്ണത്തിന് രണ്ടര ലക്ഷം രൂപ വില വരും.
© Copyright - MTV News Kerala 2021





View Comments (0)