
ഡ്രൈവിങ് ലൈസൻസ് പരീക്ഷ കഠിനമാക്കും; പാസാകാൻ 75% മാർക്ക് നിർബന്ധമാക്കാൻ നിർദേശം
ഡ്രൈവിങ് ലൈസൻസ് പരീക്ഷ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സുരക്ഷിത ഡ്രൈവിങ് വിലയിരുത്തൽ കുറഞ്ഞത് 30 മിനിറ്റ് നീണ്ടുനിൽക്കണമെന്നും പരീക്ഷയിൽ വിജയിക്കാൻ വേണ്ട കുറഞ്ഞ മാർക്ക് 60 ശതമാനത്തിൽനിന്ന് 75 ശതമാനമായി ഉയർത്തണമെന്നുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരട് ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ.ലൈസൻസിലെ പേര്, വിലാസം എന്നിവ മാറ്റുന്നതുൾപ്പെടെയുള്ള വിവിധ ഓൺലൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ വിജ്ഞാപനം വന്നാലേ വ്യക്തതയുണ്ടാകൂ.ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ, പേരും വിലാസവും മാറ്റുന്നതിനുള്ള അപേക്ഷകൾ ഉൾപ്പെടെ, ലൈസൻസിങ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശമുണ്ട്.ആധാർ, പാസ്പോർട്ട്, വോട്ടർ ഐഡി, ഇ-റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ലൈസൻസിനായി സമർപ്പിക്കാം. വിലാസം തെളിയിക്കുന്ന രേഖകളുടെ പട്ടികയിൽനിന്ന് എൽ.ഐ.സി. പോളിസി ഒഴിവാക്കാനും കരടിൽ നിർദേശിക്കുന്നു.ലൈസൻസുകൾ ലാമിനേറ്റ് ചെയ്തോ പി.വി.സി. കാർഡായോ നൽകണമെന്നും കരട് ചട്ടം വ്യവസ്ഥ ചെയ്യുന്നു.കരടിലെ നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇവ പരിഗണിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുക.
© Copyright - MTV News Kerala 2021




View Comments (0)