
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസ് സർവീസുകൾ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളാത്ത പക്ഷം നവംബർ ആദ്യവാരം മുതൽ സർവീസുകൾ നിർത്തിവെച്ച് സമരം നടത്തുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ഡീസൽ ചെലവിനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകുന്നതിനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. ബസ് ചാർജ്, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് എന്നിവ വർധിപ്പിക്കണമെന്നും ടൈമിങ് കോൺഫറൻസുകൾ ഓൺലൈനായി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. തുടർന്ന് ഈ മാസം അവസാനവാരം സംഘടനാ ഭാരവാഹികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും.ഇതിനുശേഷവും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ സംയുക്ത സമിതിയിലെ സംഘടനകളുമായി ആലോചിച്ച് നവംബർ ആദ്യവാരം സർവീസ് നിർത്തിവെച്ചുള്ള സമരത്തിന് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം.എസ്. പ്രേംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)