
നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരൻ, തൂക്കിക്കൊന്നോളൂവെന്ന് പ്രതി കോടതിയില്‍
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരൻ. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ജൂലെെ 15ന് ശിക്ഷ വിധിക്കും.പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസിൽ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടക്കുന്നത്. അയൽവാസികളായ സുധാകരനെയും (56) അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. സാജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)