
പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നേട്ടം ഇന്ത്യയ്ക്ക്; ആഗോള ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ വന്‍കിട കമ്പനികള്‍
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥകള്‍ മൂലം ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍. ബഹുരാഷ്ട്ര കമ്പനികള്‍ ഗള്‍ഫ് മേഖലയിലെ ഒറ്റ വിതരണകേന്ദ്രത്തെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റി, ഇന്ത്യയിലേക്ക് ചരക്ക് ശേഖരം (ഇന്‍വെന്ററി) മാറ്റിത്തുടങ്ങിയതായി ഡിപി വേള്‍ഡിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. ഇതോടെ പ്രാദേശിക വിതരണ ശൃംഖലകളില്‍ വലിയ മാറ്റങ്ങള്‍ വന്നു തുടങ്ങി.ഓട്ടോമൊബൈല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ദുബായിലെ ജെബല്‍ അലി ഫ്രീ സോണിനൊപ്പം ഇന്ത്യയിലെ ഡിപി വേള്‍ഡിന്റെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണുകളില്‍ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. വീണ്ടും ആഗോള പ്രതിസന്ധികള്‍ ഉണ്ടായാലും വിതരണത്തില്‍ തടസ്സം വരാതിരിക്കാനാണ് ലക്ഷ്യം.സമീപകാലത്ത് പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷം വ്യാപാര ഗതാഗതത്തെ താല്‍ക്കാലികമായി ബാധിക്കുകയും, ഒരു സ്ഥലത്ത് മാത്രം പ്രാദേശിക ഇന്‍വെന്ററി കേന്ദ്രീകരിക്കുന്നതിലുള്ള അപകടസാധ്യതയെക്കുറിച്ചുള്ള കമ്പനികളുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.സാധാരണ ഇന്‍വെന്ററി രീതിയില്‍ നിന്ന് മാറി, പല സ്ഥലങ്ങളിലായി അധിക സ്റ്റോക്ക് സൂക്ഷിക്കുന്ന പ്രവണത കൂടി വരികയാണ്. ആഗോള സംഘര്‍ഷം ഈ രീതികളെ വേഗത്തിലാക്കി. ഒറ്റ പ്രാദേശിക വിതരണകേന്ദ്രത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം, ഒരു പ്രധാന വിതരണകേന്ദ്രത്തിനൊപ്പം ഒന്നോ രണ്ടോ ഉപ-വിതരണകേന്ദ്രങ്ങളും ഉണ്ടായിരിക്കണമെന്നാണ് കമ്പനികള്‍ ആഗ്രഹിക്കുന്നത്. ഇതുവഴി ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപാരപാതകളെയോ തുറമുഖ പ്രവര്‍ത്തനങ്ങളെയോ ബാധിച്ചാലും വിതരണം തടസ്സപ്പെടില്ല.കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ആഗോള ഓട്ടോമൊബൈല്‍ സ്പെയര്‍ പാര്‍ട്സ് വിതരണക്കാരില്‍ ആറോ ഏഴോ ഉള്‍പ്പെടെ 10 മുതല്‍ 12 വരെ ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ഇന്‍വെന്ററിയുടെ ഒരു ഭാഗം മുംബൈയിലെയും ചെന്നൈയിലെയും ഡിപി വേള്‍ഡ് സൗകര്യങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, രാസവസ്തു, വ്യവസായ, കാര്‍ഷിക മേഖലകളിലെ കമ്പനികളും ചരക്കുകള്‍ ഇന്ത്യയിലേക്ക് മാറ്റിയിട്ടുണ്ട്.ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ ദുബായിലെ ഒരു പ്രാദേശിക ഹബ്ബില്‍ നിന്നാണ് പല കമ്പനികളും നിറവേറ്റിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് സ്ഥലങ്ങളിലായി ഇന്‍വെന്ററി വിഭജിച്ചുവെക്കുകയാണ്. ഇതിലൂടെ വ്യാപാരപാതകളിലോ തുറമുഖങ്ങളിലോ തടസ്സം ഉണ്ടായാലും വിതരണം തുടരാന്‍ കഴിയും.
© Copyright - MTV News Kerala 2021





View Comments (0)