
കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി, നേതാക്കളുടെ പെരുമാറ്റത്തിലടക്കം അടിമുടി തിരുത്തിന് നിർദ്ദേശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സംബന്ധിച്ച സി പി എം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തലുകൾ വിശദീകരിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സി പി എമ്മിന് വീഴ്ചകൾ സംഭവിച്ചതായും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും സി സി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലും കടുത്ത പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും, ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കാനും സാധിക്കാതെ വന്നത് അടിമുടി തിരുത്തണമെന്നും പാർട്ടി തയ്യാറാക്കിയ രേഖ നിർദ്ദേശിക്കുന്നതായും ജനറൽ സെക്രട്ടറി വ്യക്തമാക്കി. സെപ്റ്റംബർ പകുതിയോടെ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തോൽവിയും നേതൃത്വത്തിന്റെ വീഴ്ചകളും വിശദമായി ചർച്ച ചെയ്യുമെന്നും, സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും എം എ ബേബി വ്യക്തമാക്കി.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നുവെന്നും, എൽഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തിൽ സിപിഎം-സിപിഐ നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് എതിരായി പരാതി ലഭിച്ചിട്ടില്ല. ജില്ലാ സെക്രട്ടറി ആയി നിയമിച്ചതിന് എതിരായി ദേശീയ നേതൃത്വത്തിന് പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും ബേബി വിവരിച്ചു. മാധ്യമ വാർത്തകൾ പോലെ അല്ല കാര്യങ്ങലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് എതിരായി പറഞ്ഞെങ്കിലും അത് വേണ്ടത്ര ജനങ്ങളിലേക്ക് എത്തിയില്ല എന്നതടക്കമുള്ള വിമർശനങ്ങൾ സി സിയിൽ ഉയർന്നെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യുഡിഎഫിനെയും മാധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച ജനറൽ സെക്രട്ടറി, അദാനിയെ ആദ്യം കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അത് തുടരുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ ഓഹരി കൈമാറ്റം സംബന്ധിച്ച വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമാനയാത്രയിൽ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദേശീയതലത്തിൽ ബംഗാളിൽ ബി ജെ പി ഉണ്ടാക്കിയ വലിയ വിജയം ഗൗരവകരമാണെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കേന്ദ്രം ശ്രമിക്കുന്നതെന്നും സിസി ചൂണ്ടിക്കാട്ടി. അയോധ്യ രാമക്ഷേത്ര സംഭാവനയിലെ കൊള്ള, സംസ്ഥാനങ്ങളോട് ആലോചിക്കാതെ ബില്ലുകൾ കൊണ്ടുവരുന്ന കേന്ദ്ര നടപടികൾ, സാമ്പത്തിക പ്രതിസന്ധി എന്നിവ യോഗത്തിൽ ചർച്ചയായി. വനിതാ സംവരണ ബില്ലുമായി ബന്ധിപ്പിച്ചുള്ള മണ്ഡല പുനർനിർണ്ണയത്തിനെതിരെ ക്യാമ്പയിൻ ആരംഭിക്കുമെന്നും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും പ്രക്ഷോഭങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)