പൊലീസിനെ മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി, ആയുധങ്ങളും കരുതി; അഗ്നിരക്ഷാസേന കീഴ്പ്പെടുത്തി

MTV News 0
Share:

ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടാനായി പൊലീസ് എത്തിയപ്പോൾ ഇരുനില വീടിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി. പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും മണിക്കൂറുകൾ പരിശ്രമിച്ച് യുവാവിനെ പിടികൂടി താഴെ ഇറക്കി. എകരൂൽ തെങ്ങിനു കുന്നുമ്മൽ റഫ്നാദാണ് (31) തൊണ്ടർനാട് പൊലീസിനെ കഴിഞ്ഞ രാത്രി മുൾ മുനയിൽ നിർത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസുകാർ മഫ്ടിയിൽ വീട്ടിൽ എത്തിയത്. പ്രതി വീട്ടിൽ ഉണ്ടെന്ന് ഉറപ്പാക്കി പൊലീസ് അകത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോഴേക്കും ഇയാൾ ടെറസിനു മുകളിൽ വലിഞ്ഞു കയറിയിരുന്നു.മുകളിലേക്ക് ആരും എത്താതിരിക്കാനായി ആയുധങ്ങളും കരുതിയിരുന്നു. ഇതോടെ തൊണ്ടർനാട് പൊലീസ് ബാലുശ്ശേരി പൊലീസിനെ വിവരം അറിയിച്ചു. ഇവർ 5 മണിക്കൂർ പരിശ്രമിച്ചിട്ടും പ്രതിയെ താഴെ ഇറക്കാനായില്ല. ഒടുവിൽ പൊലീസ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. നരിക്കുനിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ വലിയ കോണികൾ ഉപയോഗിച്ച് ഒരേ സമയം വീടിന്റെ 2 ഭാഗങ്ങളിൽ നിന്നു മുകളിലേക്ക് കയറാൻ തുടങ്ങി. യുവാവിന്റെ ശ്രദ്ധ തെറ്റിയതോടെ പൊലീസും അഗ്നിരക്ഷാ സേനയും കുതിച്ചെത്തി കീഴ്പ്പെടുത്തി. സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ, സീനിയർ ഫയർ ഓഫിസർ ആർ.ബാലു മഹേന്ദ്ര എന്നിവർ നേതൃത്വം നൽകി.