
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇനി ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകും. ഡീ ലിമിറ്റേഷൻ കമ്മീഷൻ ഉടൻ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനമായി പുതിയ ജില്ലരൂപീകരണം പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം.വികസന കാര്യങ്ങളിൽ എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതൽ ഫണ്ടുകൾ പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. 1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഇത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് നീക്കങ്ങൾ മുന്നോട്ടുപോയില്ല. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ,കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ, കൂടാതെ ഇടുക്കിയിലെ തൊടുപുഴ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകൾ ചേർത്താണ് പുതിയ ജില്ല നിർദേശിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ സാധ്യത പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)