
മോഷണം ആരോപിച്ച് പന്ത്രണ്ടുകാരനോട് ക്രൂരത; പരാതി ഒഴിവാക്കാൻ പ്രതികളുടെ ശ്രമം
കൊടുവള്ളിയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി ഒഴിവാക്കാന്‍ ശ്രമിച്ച് പ്രതികളുടെ കുടുംബം. കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. പരാതി ഒഴിവാക്കിയാല്‍ സൈക്കിള്‍ വാങ്ങിനല്‍കാമെന്നും അല്ലെങ്കില്‍ പൈസ കൊടുക്കാമെന്നും ഉള്‍പ്പടെ കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദ സന്ദേശത്തിലുണ്ട്.സംഭവത്തില്‍ പൊലീസിനെതിരെ ആരോപണമുന്നയിച്ച് കുട്ടിയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. കുട്ടി അന്ന് രാത്രി തന്നെ പൊലീസിന്റെ അടുത്തെത്തി പരിക്കുകള്‍ കാണിച്ചിരുന്നു. എന്നാല്‍ കേസെടുക്കാതെ തിരിച്ചയക്കുകയാണ് പൊലീസ് ചെയ്തത്. അത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്നും എന്തുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്ന് അറിയില്ലെന്നും കുട്ടിയുടെ സഹോദരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ പിന്നീട് ശിശുക്ഷേമ സമിതി ഇടപെട്ടതിന് ശേഷമാണ് പൊലീസ് കേസെടുത്തത്.എന്നാല്‍ പരാതി ഇല്ലെന്ന് കുടുംബം പറഞ്ഞതുകൊണ്ടാണ് ആദ്യം കേസെടുക്കാതിരുന്നത് എന്നാണ് കൊടുവള്ളി പൊലീസിന്റെ വാദം. കുട്ടിയുടെ പിതൃ സഹോദരന്‍ റസാഖ്, ഭാര്യ സീനത്ത്, മകന്‍ ഉവൈസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.ആഗസ്റ്റ് ആറിനാണ് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. കണ്ണില്‍ മുളകുവെള്ളം ഒഴിച്ചെന്നും നഖത്തില്‍ ഈര്‍ക്കില്‍ കയറ്റിയെന്നുമായിരുന്നു പരാതി. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കുട്ടിയാണ് പിതാവിന്റെ ബന്ധുക്കളില്‍ നിന്നും ക്രൂരത നേരിട്ടത്. സംഭവത്തിൽ പിതൃസഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. വാച്ച് കാണാതായതില്‍ കുട്ടിയെ സംശയിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയുമായിരുന്നു. കുട്ടി സാഹസികമായി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ഇത് കണ്ട വഴിയാത്രക്കാരന്‍ കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.കൈകാലുകള്‍ കെട്ടിയിട്ടതിന്റെ മുറുക്കം കുറഞ്ഞപ്പോള്‍ രാത്രി പതിനൊന്നിന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേര്‍ന്ന കവുങ്ങിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണം പോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തി. മര്‍ദ്ദനം, ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കൽ, അന്യായമായി തടങ്കലില്‍ വെച്ചു എന്നതടക്കം ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്കും കുടുംബത്തിനും കൗണ്‍സിലിംഗ് നല്‍കിയ ശേഷം കുട്ടിയെ സിഡബ്ല്യൂസി താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു
© Copyright - MTV News Kerala 2021





View Comments (0)