
യാത്രക്കാർക്ക് ആശ്വാസം; നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനഃസ്ഥാപിച്ച് ഖത്തർ എയർവേയ്സ്
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രധാന വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്സിന്റെ തീരുമാനം. ബഹ്റൈൻ, കുവൈറ്റ്, ഇറാഖിലെ ഇർബിൽ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് നാളെ മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അനുകൂലമായതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഖത്തർ എയർവേയ്സ് അധികൃതർ വ്യക്തമാക്കിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.കഴിഞ്ഞ മാസം 23 മുതൽ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയിരുന്ന സർവീസുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയത്. വിമാന സർവീസുകളുടെ സമയക്രമത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ ഖത്തർ എയർവേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
© Copyright - MTV News Kerala 2021





View Comments (0)