
രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറില് വീട്ടിലേക്ക് പോകവെ യുവതിയെ പിന്തുടര്ന്നു, റോഡിൽ ലൈംഗികാതിക്രമം; സിസിടിവി കുടുക്കി, മാറാട് 23കാരൻ പിടിയിൽ
യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില് കോഴിക്കോട് ചെറുവണ്ണൂര് കുണ്ടായിത്തോട് സ്വദേശി അറസ്റ്റില്. ദാറുഫല കോയമന്സിലില് മുഹമ്മദ് അഫ്ലഹി(23) നെയാണ് മാറാട് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്ന്ന് പിടികൂടിയത്. 14-ാം തിയ്യതി രാത്രിയിലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില് മടങ്ങുകയായിരുന്ന അരക്കിണര് സ്വദേശിനിയായ യുവതിയുടെ പുറകില് ബൈക്കില് പിന്തുടര്ന്ന് വന്ന അഫ്ലഹ് അരക്കിണര് മുണ്ടകന്പാടം പൊതു റോഡില് വെച്ച് സ്കൂട്ടര് തടഞ്ഞു നിര്ത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.യുവതിയുടെ പരാതിയില് മാറാട് പൊലീസ് കേസ് റജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള് പരിശോധിച്ചതില് നിന്ന് കുറ്റകൃത്യം നടത്തിയത് അഫ്ലഹ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സൈബര് സെല്ലുമായി നടത്തിയ ശാസ്ത്രീയ പരിശോധനയില് ഇയാളെ ചെറുവണ്ണൂരില് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാള് മുന്പും കേസുകളില് ഉള്പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു. രാമനാട്ടുകര മേല്പാലത്തിന്റെ നിര്മ്മാണാവശ്യാര്ത്ഥം രാമനാട്ടുകര ബൈപ്പാസില് സൂക്ഷിച്ചു വച്ചിരുന്ന ഇരുമ്പ് കമ്പികളും മറ്റും മോഷണം നടത്തിയതിനും നടക്കാവ് ഡേ മാര്ട്ട് സൂപ്പര്മാര്ക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവര്ന്നതിനും സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയതിനുമാണ് കേസുകളുള്ളത്. കോടതിയില് ഹാജരാക്കിയ അഫ്ലഹിനെ റിമാന്റ് ചെയ്തു.
© Copyright - MTV News Kerala 2021




View Comments (0)