വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

MTV News 0
Share:

വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എംപി പ്രിയേഷ് കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.കുറിച്ചുണ്ട് ചേര്‍ക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.ലഹരിക്കേസില്‍ വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറംലോകമറിഞ്ഞത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റര്‍) സ്പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കാവ്യയേയും കീര്‍ത്തനയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.