
വയനാട് മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിനവും തുടരുന്നു
കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.അതേസമയം കരാർ കമ്പനിയുടെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുരക്ഷാ ഭിത്തിയില്‍ വിള്ളലെന്ന ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നിര്‍മാണ കമ്പനി അവഗണിച്ചു എന്നാണ് കണ്ടെത്തല്‍. അന്വേഷണം പുരോഗമിക്കുകയാണ്. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണ ചുമതലയുള്ള ദിലീപ് ബില്‍ഡ്കോണിന് ജൂണ്‍ 14ന് ജിഎസ്ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കമ്പനി അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍.റോക്ക് നെയിലിംഗ് വേണ്ട സ്ഥലത്ത് സോയില്‍ നെയിലിംഗ് നടത്തിയതായുള്ള സാങ്കേതിക പിഴവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതിയായ വെള്ളം വാര്‍ന്നു പോകാനുള്ള മതിയായ ദ്വാരങ്ങള്‍ വീപ്പ് ഹോള്‍സ് ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പുകള്‍ അവഗണിച്ചത് ദുരന്തത്തിന്റെ ആക്കം കൂട്ടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെര്‍മുകളിലെ വിള്ളലുകള്‍ക്ക് ക്രമേണ വീതി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകളും, നാലാമത്തെ ബര്‍മിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപം സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളിലൂടെ ചെളി കലര്‍ന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഈ വിള്ളലുകള്‍ ആഴത്തിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇവ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറുന്നതിനും, ഭൂഗര്‍ഭജല സ്രവണത്തിനും, മണ്ണിന്റെ ആന്തരിക മണ്ണൊലിപ്പിനും കാരമാകുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. മൂന്ന് നാല് ബെര്‍മുകള്‍ക്ക് ഇടയില്‍ ഭൂഗര്‍ഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം വ്യക്തമായി കേട്ടത് ഈ വിലയിരുത്തലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ഇത്തരം സാഹചര്യങ്ങളില്‍ മേല്‍മണ്ണിനുള്ളില്‍ ആന്തരിക മണ്ണൊലിപ്പും, പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. ഇത് ചരിവിന്റെ ആന്തരിക ബലം ക്രമേണ കുറയുന്നതിനും ഒടുവില്‍ ചെറിയ തോതിലോ വലിയ തോതിലോ ഉള്ള മണ്ണിടിച്ചിലിന് കാരണമാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
© Copyright - MTV News Kerala 2021



View Comments (0)