വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടി നിർമാണം: കോഴിക്കോട് കടക്ക് ഒരു ലക്ഷം രൂപ പിഴ

MTV News 0
Share:

മലിനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ച് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പാളയം സി.പി. ബസാറിൽ പ്രവർത്തിക്കുന്ന ‘അഖിൽ ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിനാണ് കോഴിക്കോട് ആർ.ഡി.ഒ. പിഴശിക്ഷ വിധിച്ചത്.കഴിഞ്ഞ ഫെബ്രുവരിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ഉള്ളിൽ കടുത്ത ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിപ്പിച്ചിരുന്നു. കോഴിക്കോട് സൗത്ത് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ ജിതിൻ രാജ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവിടങ്ങളിലേക്ക് എണ്ണക്കടികൾ എത്തിച്ചിരുന്നത് 15-ഓളം ജീവനക്കാർ ജോലി ചെയ്തിരുന്ന ഈ കേന്ദ്രത്തിൽ നിന്നായിരുന്നു. സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും അടഞ്ഞുകിടക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.അതിനിടെ, ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’ പരിശോധന ശക്തമായി തുടരുകയാണ്. 201 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉപയോഗശൂന്യമായ 238 ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ക കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.