
നാദാപുരം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ സന്ദർശിച്ചു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പ്രവർത്തിക്കുന്ന കോളേജിന് സ്വന്തമായി ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത നിയമസഭാ സമ്മേളന കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കോളേജ് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോളേജിലെ സെന്റർ ഫോർ സ്കിൽസ് ആൻഡ് ഇൻഡസ്ട്രി കണക്റ്റ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. സ്വന്തമായി ക്യാമ്പസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തത് കാരണം വിദ്യാർഥികൾ പ്രവേശനത്തിനായി കോളേജ് തിരഞ്ഞെടുക്കാൻ മടിക്കുന്ന സാഹചര്യം യോഗത്തിൽ ചർച്ചയായി. കോളേജിലെ അടിസ്ഥാന സൗകര്യ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.യോഗത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വൈസ് പ്രസിഡന്റ് ഷീമ വള്ളിൽ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, വാർഡ് മെമ്പർമാർ തുടങ്ങിയ ജനപ്രതിനിധികളും ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. എം.വി. രാജേഷ്, കോളേജ് പ്രിൻസിപ്പൽ ഒ.വി. അശോകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)