
പൊട്ടി പുഴു അരിച്ച നിലയിൽ വൻ ചീമുട്ട ശേഖരം, കണ്ടെത്തിയത് ശീതീകരിച്ച കടമുറികളിൽ നിന്ന്; വിതരണം ചെയ്യാൻ സൂക്ഷിച്ചതെന്ന് നിഗമനം
മാവൂരിൽ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയിൽ രണ്ട് കടമുറികൾക്ക് ഉള്ളിൽ സൂക്ഷിച്ച പുഴു അരിച്ച ചീമുട്ടകൾ കണ്ടെത്തി. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ മുട്ട വിതരണ കേന്ദ്രത്തിൽ നിന്നാണ് ശീതീകരിച്ച മുറിയിൽ സൂക്ഷിച്ച പൊട്ടിയ കോഴിമുട്ടകൾ കണ്ടെത്തിയത്. ഏകദേശം പതിനാറായിരത്തോളം കോഴിമുട്ടകളാണ് ഇങ്ങനെ പൊട്ടിയ നിലയിൽ ശീതീകരിച്ച മുറിയിൽ നിന്ന് പിടിച്ചെടുത്തത്.കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റൻ്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും കോഴിമുട്ടകൾ പിടിച്ചെടുത്തത്. പൊട്ടിയ കോഴിമുട്ടകൾ ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചത് ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാനാണെന്ന നിഗമനത്തിലാണ് ഫുഡ് സേഫ്റ്റി വിഭാഗം ഉള്ളത്.പിടിച്ചെടുത്ത കോഴിമുട്ടകൾ നശിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്നത്. അതേസമയം തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കോഴിമുട്ടകൾ ജീവനക്കാരെ വെച്ച് തരംതിരിച്ച് കേടുള്ളവ മാറ്റിവെച്ച് പിന്നീട് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് കടയുടമ റഫീക്ക് പറഞ്ഞു. കേടായ കോഴിമുട്ടകൾ രൂക്ഷമായ ദുർഗന്ധം വരുന്നതിനാൽ ആണ് ശീതീകരിച്ച മുറിയിൽ വെച്ചതെന്നും കടയുടമ അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)