
സംരംഭകത്വ സന്ദേശവുമായി ഷാഫി പറമ്പിലിന്റെ ‘സ്റ്റാർട്ടപ് വണ്ടി’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫ്ലാഗ് ഓഫ് ചെയ്തു
യുവജനങ്ങളിലും വിദ്യാർത്ഥികളിലും സംരംഭകത്വ സംസ്കാരം വളർത്തുന്നതിനും നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി ഷാഫി പറമ്പിൽ എം.പിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റാർട്ടപ്പ് ഇ പ്ലസ് പദ്ധതിയുടെ ഭാഗമായി ‘സ്റ്റാർട്ടപ്പ് വണ്ടി’ യാത്രയായി .കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് രാവിലെ 10 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വണ്ടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.വടകരയിൽ നിന്ന് ആരംഭിച്ച് സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന സ്റ്റാർട്ട് അപ് ഇ പ്ലസ് എട്ട് മാസം ദൈർഘ്യമുള്ള അഞ്ച് ഘട്ടങ്ങളിലായുള്ള സംരംഭകത്വ വികസന പദ്ധതിയാണ്.പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സ്കൂളുകൾ, കോളേജുകൾ, യൂത്ത് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ സ്റ്റാർട്ടപ്പ് വണ്ടിയെത്തും. വിദ്യാർത്ഥികളിൽ നിന്നും യുവജനങ്ങളിൽ നിന്നും സംരംഭക ആശയങ്ങൾ ശേഖരിക്കുക, വിജയകരമായ സംരംഭകരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുക, ബിസിനസ് സാധ്യതകളെയും പുതിയ സംരംഭങ്ങളുടെ ആരംഭത്തെയും കുറിച്ച് വിദഗ്ധ സെഷനുകൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്കായി സംരംഭകത്വ ക്വിസ് നടത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്ന പ്രധാന പ്രവർത്തനങ്ങൾ.യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും നൂതന ആശയങ്ങൾ കണ്ടെത്തി അവയെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റുന്നതിനാവശ്യമായ പ്രചോദനവും മാർഗനിർദേശവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഉദ്ഘാടനച്ചടങ്ങിൽ എംഎൽഎമാരായ അഡ്വ. കെ.പ്രവീൺ കുമാർ, കെ.കെ. രമ , ഫാത്തിമ തഹ്ലിയ, കെ.എം. അഭിജിത്ത് ,പാറക്കൽ അബ്ദുല്ല, കൊയിലാണ്ടി നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)