
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം; കോഴിക്കോട് മിഠായിത്തെരുവിൽ കട നടത്തുന്ന വ്യാപാരി കൊല്ലപ്പെട്ടു
കോഴിക്കോട് നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ റോഷൻ(39) ആണ് മരിച്ചത്. കോഴിക്കോട് മിഠായിത്തെരുവിൽ കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദിലിനെ കൊല്ലം സ്വദേശിയായ സുഹൃത്താണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
© Copyright - MTV News Kerala 2021





View Comments (0)